ആലപ്പുഴ ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ നടപടിയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സർക്കാർ. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. വേണു ഖേദം പ്രകടിപ്പിച്ചത്.
ഓമനക്കുട്ടൻ വെറും 70 രൂപയാണ് പിരിച്ചതെന്നും ആ പണം ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാനായിരുന്നുവെന്നും ക്യാമ്പിലെ അന്തേവാസികൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഓമനക്കുട്ടൻ അദ്ദേഹത്തിനു വേണ്ടിയിട്ടല്ല, ക്യാമ്പിലുള്ള തങ്ങൾക്കു വേണ്ടിയാണ് പണപ്പിരിവ് നടത്തിയതെന്നും അവർ വിശദീകരിച്ചു.
‘ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്‌ജെക്റ്റിവിലി ശരിയല്ലാത്ത സബ്‌ജെക്റ്റീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.’ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘അരി തീര്‍ന്നപ്പോള്‍ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവര്‍ത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തില്‍ പെട്ടുപോയ അനേകം മനുഷ്യരിലൊരാള്‍. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യന്‍. അദ്ദേഹത്തിന്റെ കയ്യില്‍ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാന്‍ കുറച്ചു രൂപ ക്യാമ്പംഗങ്ങളില്‍ നിന്നും അദ്ദേഹം വാങ്ങിക്കുവാന്‍ നിര്‍ബന്ധിതനായി . അന്വേഷണത്തില്‍ മുന്‍ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാര്‍ത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.’ വേണു വിശദീകരിക്കുന്നു.
ഓമനക്കുട്ടനെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘ഈ വിഷയം ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാല്‍ ചേര്‍ത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേല്‍ നല്‍കിയ പൊലീ പരാതി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിക്കഴിഞ്ഞു. പൊലീസ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല.’ അദ്ദേഹം വ്യക്തമാക്കി.
ഓമനക്കുട്ടനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ചേർത്തല തഹസിൽദാർ നൽകിയ പരാതിയിൽ അർത്തുങ്കൽ പോലീസാണ് സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ കേസെടുത്തത്. വഞ്ചനാ കുറ്റം ചുമത്തിയായിരുന്നു കേസ്. നേരത്തെ ഓമനക്കുട്ടനെ പാർട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.