പത്ത് ഏക്കര്‍ ഭൂമിയുള്ളവര്‍ ദരിദ്രര്‍! രണ്ടു രൂപനിരക്കില്‍ അരി വാങ്ങാന്‍ യോഗ്യര്‍ ഇവരോ?
ഭക്ഷ്യധാന്യപട്ടികയില്‍ നിന്ന് ദരിദ്രര്‍ പുറത്ത്; പത്ത് ഏക്കര്‍ ഭൂമിയുള്ളവര്‍ ഉള്‍പ്പെട്ടു
സര്‍ക്കാറിന്റെ രണ്ടു രൂപനിരക്കില്‍ അരിനല്‍കാനുള്ളവരുടെ പട്ടികയില്‍ നിന്ന് ദരിദ്രര്‍ പുറത്തും പത്തേക്കര്‍ ഭൂമി ഉള്ളവര്‍ ഉള്‍പ്പെടുകയും ചെയ്തു. 1.21 കോടിപേര്‍ക്ക് രണ്ടു രൂപനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാനായിരുന്നു സംസ്ഥാനനസര്‍ക്കാറിന്റെ തീരുമാനം. ഇങ്ങനെയുള്ളവരെ കണ്ടെത്താനായി തയ്യാറാക്കിയ പട്ടികയിലാണ് അര്‍ഹതയില്ലാത്തവര്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്.
മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 1.54 കോടിപേര്‍ക്ക് സൗജന്യധാന്യം നല്‍കുന്നുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് സബ്‌സിഡി നിരക്കില്‍ അരിനല്‍കുന്നത്. എന്നാല്‍ കുടിവെള്ളം, ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ ഇല്ലാത്തവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍, മാരകരോഗമുള്ളവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ എന്നിവരെ കണ്ടെത്താതെ മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ പരിഗണിച്ചതിലൂടെയാണ് അപാകം സംഭവിച്ചത്.
അതേസമയം നാലു ചക്രവാഹനങ്ങള്‍ ഉണ്ടെന്ന കാരണം കാണിച്ച് ഒഴിവാക്കിയ 8.7 ലക്ഷം പേര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിന് പുറമേ 1000 ചതുരശ്രയടിക്ക് മുകളില്‍ വീടുള്ളവരെ ഉള്‍പ്പെടുത്തിയതോടെ 24 ലക്ഷംപേര്‍ അര്‍ഹരായി. ഗ്രാമപ്രദേശങ്ങളില്‍ ഒരേക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പത്തേക്കര്‍ ഭൂമിയുള്ളവര്‍ക്കും രണ്ടുരൂപ അരി ലഭിക്കുന്ന സ്ഥിതിയായി. ഈ വിഭാഗത്തില്‍ 1.21 ലക്ഷം പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ രണ്ടു രൂപനിരക്കില്‍ അരിനല്‍കാനുള്ളവരുടെ പട്ടികയില്‍ വീഴ്ച വന്നതോടെ പട്ടിക മരവിപ്പിക്കാനാണ് തീരുമാനം.