കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും
ഇന്ന് പുലര്‍ച്ചെ നാലിനും ആറരയ്ക്കും ഇടയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ചാടിപ്പോയതില്‍ സമഗ്രമായ അന്വേഷണം നടത്തും. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച നിര്‍ദേശം പൊലീസ് വകുപ്പിനു നല്‍കിയിട്ടുണ്ട്.
ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്. അത് സഹതടവുകാരുടെയാണോയെന്ന് സംശയമുണ്ട്. ഗോവിന്ദച്ചാമിയുമായി കഴിഞ്ഞ ഒരു മാസം കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന ജയില്‍ തടവുകാരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്യും. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും.
ഇന്ന് പുലര്‍ച്ചെ നാലിനും ആറരയ്ക്കും ഇടയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. കഴിഞ്ഞ ഒരു മാസത്തോളമായി വളരെ ചെറിയ അളവില്‍ മാത്രമാണ് ഗോവിന്ദച്ചാമി ഭക്ഷണം കഴിച്ചിരുന്നത്. ജയിലിലെ അതീവ സുരക്ഷയുള്ള പത്താം സെല്ലിലെ ലോക്കപ്പിന്റെ ഇരുമ്പഴി മുറിച്ചാണ് ഗോവിന്ദച്ചാമി പുറത്ത് കടന്നത്. പിന്നീട് തുണികള്‍ കൊണ്ട് വടംപോലെയാക്കി ജയിലിന്റെ പിന്നിലെ മതില്‍ ചാടുകയായിരുന്നു. ഇരുമ്പഴി മുറിച്ചുമാറ്റി അതിനിടയിലൂടെ പുറത്ത് കടക്കാന്‍ വേണ്ടിയാണ് ഗോവിന്ദച്ചാമി ഭക്ഷണം മിതപ്പെടുത്തി ശരീരഭാരം കുറച്ചതെന്നാണ് വിവരം. സെല്ലില്‍ നിന്ന് പുറത്തുകടന്ന ശേഷം ജയിലിന്റെ പിന്‍വശത്തുള്ള കൂറ്റന്‍ മതില്‍ മറികടന്നാണ് പുറത്തെത്തിയത്. ഒന്നോ അതിലധികം പേരുടെയോ സഹായം ഇല്ലാതെ ഈ മതില്‍ കടക്കുക എളുപ്പമല്ലെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു.