Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്
വ്യാപകമായ അന്വേഷണത്തിനിടെ, തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കണ്ടെത്തുകയായിരുന്നു.
തലശ്ശേരി: ജയില്‍ ചാടിയ ബലാത്സംഗ-കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് ശക്തമായ തിരച്ചിലാണ് നടത്തുന്നത്.
വ്യാപകമായ അന്വേഷണത്തിനിടെ, തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കണ്ടെത്തി. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്തേക്ക് ഓടിക്കയറി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചന. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്.
ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നു.