തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. രമേശ് ചെന്നിത്തല. കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറിയതായുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിയ്ക്കാനാണ് തീരുമാനം. അന്വേഷണത്തിന് അനുമതി തേടി സർക്കാർ ഗാവർണർക്ക് ഫായൽ കൈമാറി.
പ്രതിപക്ഷ നേതാവ് ഉൾപ്പടെ അന്വേഷണ പരിധിയിൽ വരുന്ന സാഹചര്യത്തിലാണ് വിജിലൻസിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവർണറിൽനിന്നും അനുമതി തേടിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന ബാറുകൾ തുറക്കുന്നതിനായി മുൻ മന്ത്രി കെ ബാബുവിന്റെ നിർദേശപ്രകാരം ബാറുടമകളിൽനിന്നും 10 കോടി രൂപ പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം വി എസ്.ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ബാർ കോഴ കേസ് പിൻവലിയ്ക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തതായും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.