Publish Date: Sun, 23 Jan 2022 (10:41 IST)
Updated Date: Sun, 23 Jan 2022 (10:42 IST)
വിതുര: ആറാമത്തെ വയസുമുതൽ പന്ത്രണ്ടാം വയസുവരെ ബാലികയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് കോടതി 27 വർഷം കഠിന തടവും 65000 രൂപ പിഴയും വിധിച്ചു. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് പ്രതിയായ ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജു ഭവനിൽ പ്രഭാകരൻ കാണി എന്ന 55 കാരനെ ശിക്ഷിച്ചത്. ജഡ്ജി എസ്.ആർ.ബിൽകുൽ ആണ് ശിക്ഷ വിധിച്ചത്.
കുട്ടിയെ ആറ് വർഷത്തിനിടെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ബന്ധുവും അയൽക്കാരനായ പ്രതി കുട്ടിയെ അവസാനമായി പീഡിപ്പിച്ചത് 2019 ലായിരുന്നു. തുടക്കത്തിലൊന്നും കുട്ടിക്ക് തിരിച്ചറിവില്ലാത്ത പോയെങ്കിലും അവസാനത്തെ പീഡന സമയത് കുട്ടിക്ക് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞതോടെ വിവരം സ്‌കൂളിലെ അധ്യാപികയോട് പറഞ്ഞു. സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോകാൻ പേടിയാണെന്നാണ് അധ്യാപികയോട് പറഞ്ഞത്.
തുടർന്നാണ് കാര്യങ്ങൾ അധ്യാപിക ചോദിച്ചറിഞ്ഞത്. പിന്നീട് പരാതിയും അറസ്റ്റും നടന്നു. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനാണ് കോടതി വിധിച്ചത്. വിതുര ഇൻസ്‌പെക്ടർ എസ്.ശ്രീജിത്തും സബ് ഇൻസ്‌പെക്ടർ വി.നിജാമും ആണ് കേസ് അന്വേഷിച്ചത്.