Publish Date: Fri, 03 Sep 2021 (12:22 IST)
Updated Date: Fri, 03 Sep 2021 (12:27 IST)
പത്തനംതിട്ട: കേവലം ഒമ്പതു വയസു മാത്രം പ്രായമുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മൂന്നു ജീവപര്യന്തവും 85000 രൂപ പിഴയും വിധിച്ചു കോടതി ഉത്തരവിട്ടു. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി കെ.എൻ.ഹരികുമാറാണ് വിധി പറഞ്ഞത്.
റാന്നി വെച്ചൂച്ചിറ പോലീസ് 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി വന്നത്. തിരിച്ചറിവില്ലാത്ത കുഞ്ഞിനെ സംരക്ഷിക്കാൻ ബാധ്യതയുള്ളയാൾ കാട്ടിയ ക്രൂരത കണക്കിലെടുത്താണ് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രതി ഒടുക്കുന്ന പിഴ തുക പെൺകുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ കുട്ടിയുടെ മാതാവ് നേരത്തെ വീട് വിട്ടു പോയിരുന്നു. ഇതിനു ശേഷമാണ് പ്രതി കുഞ്ഞിനെ ഉപദ്രവിക്കാൻ തുടങ്ങിയത്. കുട്ടിക്ക് കലശലായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.