തൃശൂർ: ഒരു കോടിയിലേറെ വിലവരുന്ന ഒരു കിലോ ഹഷീഷ് ഓയിലുമായി ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെ ആന്ധ്രയിൽ നിന്നെത്തിച്ച ഹഷീഷ് ഓയിലുമായി തൃശൂർ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നതിനിടെ ആയിരുന്നു ഇവരെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈസ്റ് പോലീസ് ചേർന്ന് പിടികൂടിയത്.
മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ മുഹമ്മദ് ഷഫീഖ് (21), കുന്നംകുളം സ്വദേശി മഹേഷ് (20), അഞ്ഞൂർ മുട്ടിൽ ശരത് (23), കുന്നംകുളം തൊഴിയൂർ ജിതിൻ (21), കിളിമാനൂർ കാട്ടൂർവില സ്വദേശി ആദർശ് (21), കൊല്ലം നിലമേൽ സ്വദേശി വരാഗ് (20) എന്നിവരാണ് പിടിയിലായത്. കമ്മീഷണർ ആർ.ആദിത്യയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാടകീയമായി വളഞ്ഞിട്ടു പിടികൂടിയത്.
ചാവക്കാട്, കുന്നംകുളം, പെരുമ്പിലാവ് പ്രദേശങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. പിടിയിലായവരിൽ ഷഫീഖ്, മഹേഷ് എന്നിവർ അടുത്തിടെ നടന്ന ചങ്ങരംകുളം മുനീബ് വധക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയവരാണ്. ഇവർക്കൊപ്പമുള്ള പ്രണവ് വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ഒരു വധക്കേസിലെ പ്രതിയാണ്.
നൂറു കിലോയിലേറെ കഞ്ചാവ് വാറ്റിയെടുത്തതാണ് ഒരു കിലോ ഹഷീഷ് ഓയിൽ നിർമ്മിക്കുക. ഇവരെ പിടികൂടിയ പോലീസ് സംഘമാണ് ഗുരുവായൂരിലെ തമ്പുരാൻപടി സ്വർണക്കവർച്ചയിലെ പ്രതിയെ പിടിച്ചത്.