നിപ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അറിയിച്ചു. ഇന്ന് വൈകിട്ട് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്.
ഇന്‍റര്‍കോം വഴി യുവാവ് അമ്മയോട് സംസാരിച്ചതായും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നേരിയ തോതില്‍ ഇപ്പോഴും ഇയാള്‍ക്ക് പനിയുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതാണ് ആശങ്ക ബാക്കി നിര്‍ത്തുന്ന കാര്യം. എങ്കിലും ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഇപ്പോള്‍ ഉണ്ട്.
അതേസമയം ബോഡി ബലാന്‍സ് കിട്ടാത്തതിനാല്‍ നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയുണ്ട്. യുവാവിന്‍റെ തുടര്‍ചികിത്സ ആശുപത്രി അധിക്യതരും, മെഡിക്കൽ ബോർഡും ചേര്‍ന്ന് തീരുമാനിക്കും.
ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്ന് ഇതുവരെ ഇയാള്‍ക്ക് നല്‍കിയിട്ടില്ല.
അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വനംവകുപ്പ് യുവാവിന്റെ താമസസ്ഥലത്തിനടുത്ത് വവ്വാലുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി.
നിലവില്‍ മൂന്ന് പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നാളെ മുതല്‍ വവ്വാലുകളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുവാവ് താമസിച്ചിരുന്ന തൃശൂര്‍, തൊടുപുഴ ഭാഗങ്ങളിലും നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.
നെറ്റ് കെട്ടി വവ്വാലുകളെ പിടികൂടാനാണ് നീക്കം. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.