Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടല്‍പാലം ചരിഞ്ഞുനില്‍ക്കുന്നു, അപകട സാധ്യത

കടല്‍പാലം ചരിഞ്ഞുനില്‍ക്കുന്നു, അപകട സാധ്യത
, ശനി, 15 മെയ് 2021 (08:50 IST)
ശക്തമായ കടലാക്രമണം മൂലം വലിയ തുറ കടല്‍ പാലം ചരിഞ്ഞു നില്‍ക്കുന്നു. അപകട സാധ്യത ഉള്ളതിനാല്‍ ഗേറ്റ് പൂട്ടിയിട്ട് ഉണ്ട്. സ്ഥലത്തു പോലീസ് കാവല്‍ ഉണ്ട്.

'ടൗട്ടെ' ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തിയായ മഴയും കാറ്റും തുടരും. കടല്‍ പ്രക്ഷുബ്ധമാകും. ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. 
 
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 
 
ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറില്‍ 07 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് 15 മെയ് 2021 ന് പുലര്‍ച്ചെ 02.30 ന് ലക്ഷദ്വീപിനടുത്ത് 12.2°N അക്ഷാംശത്തിലും 72.6°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്.

അടുത്ത  24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 
 
സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 
 
കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ അതിശക്തമായ മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്