വിട്ടുമാറാതെ മഴ; വിവിധ ജില്ലകളിലായി സംസ്ഥാനത്ത് 13 മരണം, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
വിട്ടുമാറാതെ മഴ; വിവിധ ജില്ലകളിലായി സംസ്ഥാനത്ത് 13 മരണം, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 13 പേർ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടൽ.
ഇടുക്കിയിലെ അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേരും മരിച്ചു. അടിമാലി- മൂന്നാര്‍ റൂട്ടിൽ പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഉരുള്‍പൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോവുകയായിരുന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോഴിക്കോട് കണ്ണപ്പൻകുണീറ്റിൽ ഒരാളെ കാണാതായി. പുഴ വഴിമാറി ഒഴുകിയതിനെത്തുടർന്നാണ് ഇയാളെ കാണാതായത്. രജീഷ് ആണ് കാറടക്കം ഒഴുക്കിൽ പെട്ടത്. അതിശക്തമായ മഴ തുടരുന്ന വയനാടിലും ഉരുൾപൊട്ടലുണ്ടായി. വൈത്തിരി പൊലീസ് സ്‌റ്റേഷന് സമീപത്തായിരുന്നു ഉരുൾപൊട്ടിയത്. വൈത്തിരി ലക്ഷം കോളനിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് ഒരു സ്‌ത്രീ മരിച്ചു.
മഴക്കെടുതി വിലയിരുത്താൽ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.