Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ സെറ്റുകളിലും പുറത്തും നേരിട്ട അതിക്രമങ്ങളുടെ വീഡിയോ, ഓഡിയോ, സ്‌ക്രീന്‍ഷോട്ട് എന്നിവ ചില നടിമാര്‍ തെളിവായി കാണിച്ചു; ടൈപ്പ് ചെയ്തത് കമ്മിറ്റി അംഗങ്ങള്‍

റിപ്പോര്‍ട്ടില്‍ സ്വകാര്യത പൂര്‍ണമായി മാനിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പലരും പിന്നീട് കമ്മിറ്റിക്ക് മുന്‍പില്‍ തെളിവുകള്‍ ഹാജരാക്കിയത്

സിനിമ സെറ്റുകളിലും പുറത്തും നേരിട്ട അതിക്രമങ്ങളുടെ വീഡിയോ, ഓഡിയോ, സ്‌ക്രീന്‍ഷോട്ട് എന്നിവ ചില നടിമാര്‍ തെളിവായി കാണിച്ചു; ടൈപ്പ് ചെയ്തത് കമ്മിറ്റി അംഗങ്ങള്‍

രേണുക വേണു

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (09:17 IST)
മലയാള സിനിമയിലെ വനിത ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി വളരെ രഹസ്യമായാണ് റിപ്പോര്‍ട്ടിനു ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. കേവലം കേട്ട കാര്യങ്ങള്‍ മാത്രമാകരുത് റിപ്പോര്‍ട്ടില്‍ വേണ്ടതെന്ന് കമ്മിറ്റിക്കു നിര്‍ബന്ധമുണ്ടായിരുന്നു. നേരിട്ടുള്ള തെളിവുകള്‍ മാത്രമാണ് സമിതി പഠനത്തിനു വിധേയമാക്കിയത്. താല്‍പര്യമുള്ളവര്‍ക്ക് തെളിവ് നല്‍കാമെന്ന് കമ്മിറ്റി പരസ്യത്തിലൂടെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. സ്വകാര്യതയെ പേടിച്ച് പലരും മുന്നോട്ടുവന്നില്ല. 
 
റിപ്പോര്‍ട്ടില്‍ സ്വകാര്യത പൂര്‍ണമായി മാനിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പലരും പിന്നീട് കമ്മിറ്റിക്ക് മുന്‍പില്‍ തെളിവുകള്‍ ഹാജരാക്കിയത്. വീഡിയോ ദൃശ്യങ്ങള്‍, ശബ്ദസന്ദേശങ്ങള്‍, വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എന്നിവ പല നടിമാരും തങ്ങള്‍ നേരിട്ട അതിക്രമങ്ങളുടെ തെളിവായി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ കോടതി മാനദണ്ഡങ്ങള്‍ പാലിച്ചു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള തെളിവുകള്‍ പൂര്‍ണമായി ഒഴിവാക്കി. സ്വകാര്യത മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്. 
 
ജസ്റ്റിസ് ഹേമ തന്നെ പല വിവരങ്ങളും നേരിട്ടു ശേഖരിക്കുകയായിരുന്നു. ആദ്യം തിരുവനന്തപുരത്തും പിന്നീട് കൊച്ചിയിലുമായി തെളിവെടുപ്പ് നടത്തി. രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പതു വരെ തെളിവെടുപ്പ് നടന്ന ദിവസങ്ങളും ഉണ്ട്. സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമായതിനാല്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്തു തയ്യാറാക്കിയത്. രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പുള്ള സ്റ്റെനോഗ്രാഫറെ തേടിയെങ്കിലും ഫലം കണ്ടില്ല. ടൈപ്പിങ് അറിയാത്ത കമ്മിറ്റി അംഗങ്ങള്‍ ടൈപ്പിങ് പഠിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജോലിയിലേക്ക് കടക്കുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീം 2024: ക്വാട്ട സീറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു