എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
പ്രത്യേക ജുവനൈല്‍ പോലീസ് യൂണിറ്റ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് കര്‍ശനമായി നടപ്പിലാക്കുന്നതിനായി എല്ലാ ജില്ലയിലും ഒരു പ്രത്യേക ജുവനൈല്‍ പോലീസ് യൂണിറ്റ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കുറഞ്ഞത് ഡിവൈഎസ്പി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം യൂണിറ്റ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് എഎസ്‌ഐ റാങ്കിലുള്ള ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൈലാഷ് സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും എല്ലാ വര്‍ഷവും സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് കോടതി പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ മാതൃകാ നിയമങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ അന്തിമമാക്കണം. ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ എന്നിവയിലെ ഒഴിവുകള്‍ ഉടന്‍ നികത്തണം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മാസത്തില്‍ 21 ദിവസവും യോഗം ചേരണം. പ്രൊബേഷന്‍ ഓഫീസര്‍മാരുടെ ഒഴിവുകളും നികത്തണം.
അതോടൊപ്പം തന്നെ കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നാഷണല്‍ മിഷന്‍ വാത്സല്യ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവാദിയായിരിക്കും.