ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും
റിസപ്ഷന്‍, അഡ്മിഷന്‍ ഏരിയ, വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍
ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. റിസപ്ഷന്‍, അഡ്മിഷന്‍ ഏരിയ, വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ചികിത്സാനിരക്ക് പ്രസിദ്ധീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. സേവനങ്ങള്‍ എന്തൊക്കെ, ഓരോ രോഗത്തിനും അടിസ്ഥാന ചികിത്സയ്ക്കായി ചെലവാകുന്ന തുക എത്ര, ആശുപത്രിയിലെ സൗകര്യങ്ങള്‍ എന്തെല്ലാം എന്നതടക്കമുള്ള വിവരങ്ങളും പ്രസിദ്ധപ്പെടുത്തണം.
ഡിസ്ചാര്‍ജ് സമയത്ത് ചികിത്സാ സംബന്ധമായ എല്ലാ രേഖകളും കൈമാറണം. ചികിത്സാ രേഖകളടക്കം ലഭിക്കാനുള്ള രോഗികളുടെ അവകാശങ്ങള്‍, പരാതി ഉന്നയിക്കേണ്ട ഓഫീസറുടെ ഫോണ്‍ നമ്പര്‍, ഡിഎംഒ അടക്കമുള്ളവരെ ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവയും നല്‍കണം, ചികിത്സാ നിരക്കിലുള്ള മാറ്റങ്ങള്‍ കൃത്യമായ അപ്‌ഡേറ്റ് ചെയ്യണം നിയമപാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൂടാതെ മുന്‍കൂറായി പണം അടയ്ക്കാത്തതിന്റെ പേരില്‍ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. അടിയന്തരഘട്ടങ്ങളില്‍ ഓരോ ആശുപത്രിയും സൗകര്യത്തിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.