എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി
സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശ്രമങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശ്രമങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 2015-ല്‍ രാമന്തളിയില്‍ ഒരു എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഹര്‍ജി കോടതി തള്ളി.
ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കത്തെ തളിപ്പറമ്പ് സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്ത് ചോദ്യം ചെയ്തു. കേസ് റദ്ദാക്കിയതിന് പിന്നിലെ പൊതുതാല്‍പ്പര്യം എന്താണെന്ന് കോടതി ചോദിച്ചു. കേസില്‍ കുറ്റാരോപിതരായ 13 സിപിഎം പ്രവര്‍ത്തകരും വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.
സിപിഎം-എസ്ഡിപിഐ സംഘര്‍ഷത്തെ തുടര്‍ന്ന് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എസ്‌ഐ കെപി ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടത്തിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.