സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് നോട്ടീസ് അയച്ചു.
സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി. എസ്എഫ്‌ഐഓ റിപ്പോര്‍ട്ടിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാന്‍ ആകുമോ എന്ന സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. നടപടിക്രമം അനുസരിച്ച് ക്രിമിനല്‍ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികള്‍ എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.
പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ് ഹര്‍ജിയില്‍ സിഎംആര്‍എല്ലിന്റെ ആരോപണം. പ്രതി പട്ടികയില്‍ ഉള്ളവരുടെ ഭാഗം വിചാരണ കോടതി കേട്ടില്ല. നടപടി ക്രമത്തിന് വിരുദ്ധമായാണ് വിചാരണ കോടതിയുടെ നടപടിയെന്നും സിഎംആര്‍എല്‍ വാദിച്ചു.