മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് ശരിവെച്ച് ഹൈക്കോടതി.കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. രഹസ്വാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ജി തള്ളിയത്തോടെ മീഡിയ വണ്‍ ചാനലിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും. ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
മീഡിയ വണിന് ലൈസൻസ് നേരത്തെ നൽകിയതാണ്.അതു പുതുക്കാനുള്ള അപേക്ഷയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മീഡിയവണ്‍ മുന്നോട്ടുപോയത്. എന്നാൽ കേന്ദ്രതീരുമാനം ഏകപക്ഷീയമാണ്. ഇത് നിയമവിരുദ്ധമായ നടപടിയാണ്. സുപ്രിംകോടതി വിധികളുടെ ലംഘനമാണ് മീഡിയ വൺ വാദിച്ചു.
അതേസമയം കേസിൽ ജീവനക്കാരും പത്രപ്രവർത്തക യൂണിയനും കക്ഷി ചേർന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇത് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമാണ്. ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവാനന്തമായി കാണാനാവില്ല. സുരക്ഷാ വിഷയങ്ങളില്‍ കാലാനുസൃതമായ പരിശോധനയുണ്ടാകും. അത്തരത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ നടന്നതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.