കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്‌ഡൗണിൽ കുടുങ്ങി ദിവസങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ. മധൂർ പഞ്ചായത്തിലെ വാടക ക്വാർട്ടേഴ്സിലാണ് സംഭവം. കോഴിക്കോട് ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന മധ്യവയസ്കനെയാണ് മൂന്ന് മക്കളുടെ അമ്മ കൂടിയായ ഭാര്യ പുറത്താക്കിയത്.
ചെലവിനൊന്നും നൽകാതെ കുറച്ച് കാലമായി അകന്നു നിൽക്കുകയാണെങ്കിലും കൊറോണ കാലമായതിനാലാണ് വീട്ടിനുള്ളിലേക്ക് കയറ്റാത്തതെന്ന് ഭാര്യ പറയുന്നു. അന്നേദിവസം രാത്രി വീടിന്റെ വരാന്തയിൽ കിടന്നുറങ്ങി. സംഭവം പൊലീസിന്റെ ചെവിയിലെത്തി.
പൊലീസെത്തി ഇയാളെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയർ സെന്ററിലാക്കി. ഉച്ചയ്ക്കും രാത്രിയിലും സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം ലഭിക്കുന്നുണ്ട്. ഭക്ഷണം നൽകുമ്പോഴൊക്കെ ആരോഗ്യ പ്രവർത്തകരോട് ഭാര്യക്കും മക്കൾക്കും ബുദ്ധിമുട്ടുകൾ ഒന്നുമില്ലല്ലോ എന്ന് പലതവണ ചോദിക്കുന്നുമുണ്ട്. കൊറോണ കഴിഞ്ഞാൽ ഭാര്യയേയും ഭർത്താവിനേയും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് ഇവിടെയുള്ള സാമൂഹ്യപ്രവർത്തകർ.