നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ സ്ഥലംമാറ്റി - സര്‍ക്കാര്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

വെള്ളി, 5 ജൂലൈ 2019 (20:29 IST)
നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിൽ ആരോപണ വിധേയനായ ഇടുക്കി എസ്‌പി കെ ബി വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. മലപ്പുറം എസ്‌പി ടി. നാരായണനെ ഇടുക്കിയിലേക്ക് മാറ്റി നിയമിച്ചു. വേണുഗോപാലിനെ ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് മാറ്റിയത്.

രാജ്‍കുമാറിന്റെ കസ്റ്റഡി മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ചതിന് പിന്നാലെയാണ് എസ്‌.പിക്കെതിരെയുള്ള നടപടി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.പിയെ സ്ഥലംമാറ്റാൻ ഡി.ജി.പി ശുപാ‍ർശ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്.

രാജ്കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ 4 ദിവസം കസ്റ്റഡിയിൽ വച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്ഐ കെ.എം.സാബു ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു.

ഇതിനിടെ, നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ സര്‍ക്കാര്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് അന്വേഷണ ചുമതല. സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മകളുടെ വിവാഹത്തിന് നളിനി എത്തും; 3 വർഷത്തിനു ശേഷം പുറത്തിറങ്ങി - ഒരു മാസത്തെ പരോൾ