തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്‌പെഷ്യൽ സെൽ എസ്‌പി വി അജിത്തിനാണ് അന്വേഷണ ചുമതല. നിലിൽ തീപിടുത്തമുണ്ടായ സ്ഥലത്തിന്റെ ദൃശ്യങ്ങൾ ശേഖരിയ്ക്കുകയാണ്.
സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിലിള്ള അന്വേഷണവും നടക്കും. ദുരന്തനിവാരണ കമ്മീഷൻ എ കൗഷികന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിയ്ക്കുക. തീപിടുത്തത്തിനുള്ള കാരണം കത്തിയ ഫയലുകൾ നഷ്ടം, ഭാവിയിൽ തീപിടുത്തം ഒഴവക്കാനുള്ള മാർഗങ്ങളും അട്ടിമറിയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.
യുഎഇ കോൺസലേറ്റ്, ലൈഫ് മിഷൻ പദ്ധതി, അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിയ്ക്കുന്ന സുപ്രധാന ഇടമാണ് പ്രോട്ടോകോൾ വിഭാഗം. ചുമരുകളോട് ചേർന്ന അലമാരയിലെ ഫയലുകളാണ് തീപിടിച്ച് നശിച്ചത്. മൂന്ന് സെഷനുകളിലായി രേഖകൾ കത്തി നശിച്ചതായാണ് സൂചന. ഏതെല്ലാം സുപ്രധാന ഫയലുകൾ നഷ്ടമായി എന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കണ്ടെത്താനാകു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.