ജേക്കബ് തോമസിനെ നീക്കി; ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല - നടപടി സിപിഎം ഇടപെടല്‍ മൂലം
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ നീക്കി; ഒരു മാസത്തെ അവധിയില്‍
വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കി. സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ച് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.
വിജിലൻസ് ഡയറക്ടറെ നീക്കിയത് സിപിഎം ഇടപെടല്‍ മൂലമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ജേക്കബ് തോമസ് മിക്കവാറും ഇന്നുതന്നെ ചുമതല കൈമാറിയേക്കുമെന്നാണ് സൂചന. അവധിയില്‍ പ്രവേശിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിജിലൻസ് തലപ്പത്തുനിന്നും ജേക്കബ് തോമസ് പൂർണമായും പുറത്തേക്കുപോകുന്നതിന്റെ ആദ്യപടിയാണിത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെയാണ് ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. ഈ വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടാണെന്നും ഇദ്ദേഹത്തെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും സർക്കാരിനോട് ഹൈകോടതി ചോദിച്ചിരുന്നു.
ഇപി ജയരാജൻ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടിപി ദാസൻ ഉൾപ്പെട്ട സ്പോർട്സ് ലോട്ടറി കേസ്, മുൻ ധനമന്ത്രി കെഎം മാണി ഉൾപ്പെട്ട ബാർ കേസുകൾ എന്നിവയിൽ ജേക്കബ് തോമസ് കർശന നിലപാടെടുത്തതാണ് സര്‍ക്കാരിന്റെ അതൃപ്‌തിക്ക് കാരണമായത്.