ജേക്കബ് തോമസ് ഉദ്ദേശിച്ചതാരെയാണ്; കൈപൊള്ളാനുള്ള കാരണം ഇതാണോ ?
അടിപേടിച്ച് മിണ്ടാതിരിക്കില്ലെന്ന് ജേക്കബ് തോമസ്
പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അടുത്ത കാലത്താണ് മനസിലായതെന്ന് അവധിയിലുള്ള വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പൊള്ളിയിട്ടുണ്ടെന്ന് മാത്രമല്ല തൊട്ടയാളെ തെറിച്ചിട്ടുമുണ്ട്. അത്രക്ക് ഉയർന്ന വോൾട്ടേജുള്ള അഴിമതി രംഗമാണത്. എന്നാല്‍, അടിപേടിച്ച് മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തില്‍ തൊട്ടുകഴിഞ്ഞാല്‍ കുഴപ്പമില്ല. അത് കൈകാര്യം ചെയ്യാനാവും. എന്നാല്‍ രാഷ്ട്രീയ മേഖലയിലെ അഴിമതിയെ തൊട്ടാല്‍ ഷോക്കടിക്കും. താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അത് ഒരുപക്ഷേ സത്യമായിരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.
ഏത് സ്ഥാനത്തിരുന്നാലും അഴിമതിരഹിത കേരളത്തിനായി പോരാടും. അഴിമതിക്ക് എതിരെ പ്രവർത്തിക്കാൻ പ്രത്യേക വകുപ്പും വേദിയും തന്നെ വേണമെന്നില്ലെന്നും ജേക്കബ് തോമസ് കൊച്ചിയില്‍ പറഞ്ഞു.
ഹൈക്കോടതി വിജിലന്‍സിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കൊപ്പം ഐഎഎസ് ഉദ്യോഗസ്ഥര്‍ ശീതയുദ്ധം ശക്തമായതും മൂലമാണ് ജേക്കബ് തോമസിന് സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കിയത്. കൂടാതെ ഇപി ജയരാജനെതിരായ ബന്ധുനിയമന കേസില്‍ വിജിലന്‍സ് സ്വീകരിച്ച നിലപാടും സര്‍ക്കാരിന്റെ അതൃപ്‌തിക്ക് കാരണമായി.