Webdunia - Bharat's app for daily news and videos

Install App

'തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കിൽ ചിന്തിക്കൂ'; പൂരത്തിലെ ആന വിവാദത്തിൽ ഡോക്ടറുടെ കുറിപ്പ് വൈറൽ

അപകടകാരിയായ ആനയെ ജനസഹസ്രങ്ങൾ നിറയുന്ന തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നതിലെ പ്രശ്നങ്ങൾ ഓർമ്മിപ്പിക്കുകയാണ് ഡോക്ടർ ജിനേഷ് പിഎസ്.

Webdunia
വെള്ളി, 10 മെയ് 2019 (08:32 IST)
തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളളിപ്പിക്കുന്നത് സംബന്ധിച്ച വിവാദമാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. ആന ഉടമകൾ ഇടഞ്ഞതോടെ, കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും, ഒരു കണ്ണിന് പൂർണ്ണമായും മറ്റേ കണ്ണിന് ഭാഗികമായും കാഴ്ച ഇല്ലാത്ത ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ അധ്യക്ഷനായ നാട്ടാന നിരീക്ഷക സമിതി ഇത്തരം ആനകൾക്ക് വിലക്കേർപ്പെടുത്തിയത്. 
 
അപകടകാരിയായ ആനയെ ജനസഹസ്രങ്ങൾ നിറയുന്ന തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നതിലെ പ്രശ്നങ്ങൾ ഓർമ്മിപ്പിക്കുകയാണ് ഡോക്ടർ ജിനേഷ് പിഎസ്. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം-
 
നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങൾക്കിഷ്ടമായിരിക്കും. അതിൻറെ തുമ്പിക്കയ്യിൽ തൊടാനും വാലിൽ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങൾക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജൻ സ്പർശിച്ചവരെ നിങ്ങൾ കണ്ടിട്ടുണ്ടോ ?
 
ഞാൻ കണ്ടിട്ടുണ്ട്. പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനയും നടത്തിയിട്ടുണ്ട്.
 
സാധാരണ അപകടങ്ങളിൽ ഏറ്റവും കൂടുതൽ പരിക്കുകൾ കാണാറ് ട്രെയിൻ ഇടിച്ച് പരിക്കേറ്റവരിലാണ്. ആനയുടെ സ്നേഹ സ്പർശം അനുഭവിച്ചാൽ പരിക്ക് അതിലും കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
 
നിങ്ങളുടെ സുഹൃത്തിൻറെ തല രണ്ട് ചെവിയുടെ ഭാഗത്തുനിന്നും ഏകദേശം ഒരു ആയിരം കിലോ മർദ്ദം ഏൽപ്പിച്ചാൽ ഏത് ആകൃതിയിൽ ആവും ? ദോശക്കല്ല് പോലെ പരന്നിരിക്കും. അങ്ങനെയുള്ള തലകൾ കണ്ടിട്ടുണ്ടോ ? അവിടെ പൊട്ടിയ തലയോട്ടിക്ക് ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ ?
 
വാരിയെല്ലുകളും നട്ടെല്ലും പൊടിഞ്ഞ്, ശ്വാസകോശവും ഹൃദയവും കീറി, പതിഞ്ഞ നെഞ്ചിൻകൂട് കണ്ടിട്ടുണ്ടോ ? ആമാശയവും കുടലും വൃക്കകളും കരളും പൊട്ടി പിഞ്ചി പോയ വയർഭാഗം കണ്ടിട്ടുണ്ടോ ?
 
പൊട്ടിത്തകർന്ന തുടയെല്ല് കണ്ടിട്ടുണ്ടോ ? അതിനുചുറ്റും ചതഞ്ഞരഞ്ഞ മാംസപേശികൾ കണ്ടിട്ടുണ്ടോ ?
 
ചതഞ്ഞരഞ്ഞ ജനനേന്ദ്രിയങ്ങൾ കണ്ടിട്ടുണ്ടോ ?
 
ഇല്ലെങ്കിൽ കാണണം.
 
ഞാൻ കണ്ടിട്ടുണ്ട്. പരിശോധന നടത്തി റിപ്പോർട്ടും അയച്ചിട്ടുണ്ട്.
 
ഒരിക്കലെങ്കിലും കണ്ടിട്ട് വേണം നിങ്ങൾ മറുപടി പറയാൻ... ഒരു കണ്ണിന് പൂർണ്ണമായ കാഴ്ച ശക്തിയില്ലാത്ത, മറ്റേ കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള, ഇതുവരെ 13 പേരുടെ മരണത്തിന് കാരണക്കാരനായുള്ള, പ്രായാധിക്യം ബാധിച്ച ഒരു ആനയെ ലക്ഷക്കണക്കിന് ആൾക്കാർ തിങ്ങിനിറഞ്ഞിരിക്കുന്ന തൃശൂർപൂരത്തിന് പങ്കെടുക്കണോ എന്ന് പറയുന്നതിനു മുമ്പ് നിങ്ങൾ ഈ കാഴ്ചകൾ കൂടി കാണണം.
 
കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്നാണ് നിങ്ങൾ കരുതുന്നത് ? പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകാം. കടുവ, പുലി, സിംഹം, കരടി അങ്ങനെ പല അഭിപ്രായങ്ങളും ഉണ്ടാവാം.
 
നമ്മുടെ നാട്ടിൽ എൻറെ അഭിപ്രായത്തിൽ അത് ആനയാണ്.
 
കടുവയും പുലിയും സിംഹവും ഒക്കെ ആഹാരത്തിനുവേണ്ടി മാത്രമേ മറ്റു ജീവികളെ കൊല്ലുകയുള്ളൂ. കരടി അല്ലാതെയും ആക്രമിക്കും എന്ന് കേട്ടിട്ടുണ്ട്. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു രോഗിയെ കണ്ടിട്ടുമുണ്ട്. മുഖം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. ഒരു കണ്ണ് താടിയെല്ല് വരെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ... മെഡിക്കൽ കോളേജിലെ ചികിത്സയിൽ ആൾ രക്ഷപ്പെട്ടു എന്നാണ് ഓർമ്മ.
 
പകരം ആനയുടെ കാര്യം എടുക്കാം. ടൺകണക്കിനു ഭാരമുള്ള ഒരു ജീവിയാണ്. ആ ജീവി പോലും അറിയണമെന്നില്ല, സമീപത്തു നിൽക്കുന്ന ഒരാൾക്ക് പരിക്ക് പറ്റാൻ. ശക്തിയായി ആക്രമിക്കണമെന്നില്ല, തുമ്പിക്കൈകൊണ്ട് ഒരാൾ തെറിച്ചു വീഴാൻ. ആ സാധുമൃഗം ഒന്നു വെട്ടി തിരിയുമ്പോൾ നിങ്ങൾക്കു പരിക്കുപറ്റാം. പരിക്കുകൾ ഗുരുതരവും ആകാം.
 
ആന മൂലമുണ്ടാകുന്ന ബഹുഭൂരിപക്ഷം അപകടങ്ങളും കാട്ടിൽ സ്വച്ഛമായ ജീവിക്കേണ്ട ജീവിയെ പിടിച്ചുകൊണ്ടുവന്ന് ക്രൂരത ചെയ്യിപ്പിക്കുന്നതിനാൽ ഉണ്ടാവുന്നതാണ്. ഈ അപകടങ്ങൾ ആ ജീവിയുടെ കുറ്റമല്ല. അതിനെ ഉപയോഗിക്കുന്ന വിഡ്ഢികളുടെ, പണക്കൊതിയൻമാരുടെ കുറ്റമാണ്.
 
അതുകൊണ്ട് ഇനിയെങ്കിലും ചിന്തിക്കൂ... ആറ് പാപ്പൻമാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ എന്ന് ... തലയോട്ടിക്കുള്ളിലെ തലച്ചോറിൻറെ സ്ഥാനത്ത് ചാണകം അല്ലെങ്കിൽ ചിന്തിച്ചാൽ മതി.
 
മറ്റൊന്നും പറയാനില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments