രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ച് ജോസ് കെ.മാണി; ലക്ഷ്യം കേന്ദ്രമന്ത്രി സ്ഥാനം !
രാജ്യസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം കേരള കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ 'ഇന്ത്യ' മുന്നണി അധികാരത്തിലെത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേരള കോണ്‍ഗ്രസ് (എം) രാജ്യസഭാ സീറ്റിനായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിയാകാന്‍ സാധിക്കുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കേരളത്തില്‍ രാജ്യസഭയില്‍ നിന്നും എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവര്‍ വിരമിക്കുന്ന മൂന്ന് ഒഴിവുകളാണ് ഉള്ളത്. മൂന്ന് സീറ്റില്‍ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒരെണ്ണം സിപിഎം നിലനിര്‍ത്തും. അവശേഷിക്കുന്ന ഒരു സീറ്റിനായാണ് സിപിഐയും കേരള കോണ്‍ഗ്രസും അവകാശവാദമുന്നയിക്കുന്നത്.
രാജ്യസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം കേരള കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇരു പാര്‍ട്ടി നേതൃത്വങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്.