മമ്മൂട്ടിക്കെന്താ ഇത്ര അഹങ്കാരം? - വൈറലാകുന്ന കുറിപ്പ്
സ്ക്രീനില്‍ കണ്ടിരുന്ന വല്യേട്ടനല്ല മമ്മൂട്ടി!
അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട്' എന്ന പദ്ധതിയുടെ 25ആമത് ഭവന നിര്‍മ്മാണത്തിന് തറക്കല്ലിടാന്‍ ക്ഷണിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍, ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടി ആദ്യാവസാനം വരെ ദേഷ്യത്തിലായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. സ്മിജന്‍ ആലുവയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
എം എല്‍ എ അന്‍വര്‍ സാദത്തിനെ മമ്മൂട്ടി അപമാനിക്കുകയായിരുന്നുവെന്ന് സ്മിജന്‍ ആരോപിക്കുന്നു. ചടങ്ങിലേക്ക് ക്ഷണിച്ചവരെ മാത്രമല്ല, ആ മനോഹരമായ ഗ്രാമത്തെ പോലും അധിക്ഷേപിക്കുന്ന പ്രസംഗമായിരുന്നു മമ്മൂട്ടിയുടെതെന്ന് സ്മിജന്‍ പറയുന്നു. നമ്മൾ സ്ക്രീനിൽ കണ്ടിരുന്ന വല്ല്യേട്ടനല്ല, നേരിൽ എന്നും പൊതുജനത്തിന് ബോധ്യമായെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.
സ്മിജന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശമുള്ള വേദിയിൽ മഹാനടൻ എന്ന് നാം കരുതുന്ന (കരുതിയിരുന്ന) ശ്രീ. മമ്മുട്ടി അഹങ്കാരത്തിന്റെ ആൾരൂപമായോ?. ആണെന്നാണ് എനിക്ക് തോന്നുന്നത്.
അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട്' എന്ന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഈ മഹാൻ മനസിലാക്കേണ്ടതായിരുന്നു. 'ഏത് കാട്ടിലേക്കാണ് എന്നെ കൊണ്ടുവന്നിരിക്കുന്നതെന്ന്" പറഞ്ഞാണ് മൂന്നര മിനിറ്റ് മാത്രം നീണ്ടുനിന്ന പ്രസംഗം 'മഹാൻ' ആരംഭിച്ചത് തന്നെ. ആ ചടങ്ങിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചവരെ മാത്രമല്ല, ആ മനോഹരമായ ഗ്രാമത്തെ പോലും അധിക്ഷേപിക്കുന്നതായിരുന്നു ആ വാക്കുകൾ. 'അറ്റ്ലിസ്റ്റ് നടന്നെങ്കിലും എന്താമായിരുന്ന സ്ഥലത്ത് വീട് കൊടുക്കാമായിരുന്നു'വെന്ന് പറഞ്ഞുള്ള കുറ്റപ്പെടുത്തലും തുടക്കത്തിൽ തന്നെയുണ്ടായി. പതിറ്റാണ്ടുകളായി ടാറിംഗ് നടത്തിയിട്ടുള്ള പഞ്ചായത്ത് റോഡിനോട് ചേർന്ന് നിർമ്മിക്കുന്ന വീടിന് കല്ലിട്ട ശേഷം ഈ വിവരക്കേട് പറഞ്ഞത് എന്തിന് വേണ്ടിയായിരുന്നു?. അഞ്ച് മിനിറ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തിയതിന് എം.എൽ.എയെ മൂന്ന് മണിക്കൂർ പ്രസംഗിച്ചുവെന്ന് പറഞ്ഞും അധിക്ഷേപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കഥകളും വിവരിച്ചെന്നായിരുന്നു എം.എൽ.എക്ക് എതിരായ കുറ്റം.
ഏറിയാൽ 15 മിനിറ്റ് ചെലവഴിച്ച മഹാൻ യോഗത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ദേഷ്യഭാവത്തിലായിരുന്നു. നമ്മൾ സ്ക്രീനിൽ കണ്ടിരുന്ന വല്ല്യേട്ടനല്ല, നേരിൽ എന്നും പൊതുജനത്തിന് ബോധ്യമായി. അങ്ങനെ അൻവർ സാദത്ത് എം.എൽ.എയുടെ 25 -ാനത് ഭവന നിർമ്മാണത്തിന്റെ ശോഭകെടുത്തുന്നതായിരുന്നു 'ആ' മഹാന്റെ സാന്നിദ്ധ്യമെന്ന് പറയാതിരിക്കാൻ വയ്യ.