Select Your Language

Notifications

webdunia
webdunia
webdunia
webdunia

Cabinet Decisions, July 2: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ 2 സൂപ്പര്‍ ന്യൂമറി തസ്തിക വ്യവസ്ഥകളോടെ സൃഷ്ടിക്കും

Cabinet Decisions, Cabinet Decisions June 18, Pinarayi Vijayan

രേണുക വേണു

Thiruvananthapuram , ബുധന്‍, 2 ജൂലൈ 2025 (16:27 IST)
Cabinet Decisions: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ ആഴ്ചയിലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയാം 
 
ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട്
 
ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ ഗ്യാരന്റി നില്‍ക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന റിസ്‌ക്ക് തരണം ചെയ്യുന്നതിനുള്ള ഒരു ബഫര്‍ ഫണ്ടായി ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഈ ഫണ്ടിലെ നിക്ഷേപം അഞ്ച് വര്‍ഷം കൊണ്ട് ഔട്ട് സ്റ്റാന്റിങ് ഗ്യാരന്റിയുടെ അഞ്ച് ശതമാനം എന്ന തോതിലേക്ക് ഉയര്‍ത്തണം.
 
2025-26 ലെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ശിപാര്‍ശ ചെയ്ത തരത്തിലുള്ള നിക്ഷേപം ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടില്‍ 2025 ഏപ്രില്‍ 1 ന് നടത്തിയില്ലെങ്കില്‍ തതുല്യമായ തുക അല്ലെങ്കില്‍ ജി.എസ്.ഡി.പിയുടെ 0.25 ശതമാനം ഇതില്‍ ഏതാണോ കുറവ് എന്നത് 2025-26 ലെ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയില്‍ നിന്നും കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജി.ആര്‍.എഫ് രൂപീകരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യമായിട്ടാണ്. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയില്‍, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ജി.ആര്‍.എഫില്‍ നിക്ഷേപം നടത്താന്‍ സാധ്യമാകുമായിരുന്നുള്ളു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയില്‍ കുറവ് വരുന്നത് ഒഴിവാക്കാന്‍ ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
 
പെന്‍ഷന്‍ പരിഷ്‌ക്കരണം
 
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച തീയതി മുതല്‍ പെന്‍ഷന്‍ പരിഷ്‌ക്കരണം പ്രാബല്യത്തില്‍ വരും.
 
തസ്തിക
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ പി.ജി കോഴ്സ് ആരംഭിക്കുന്നതിനായി പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 
ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ആയുര്‍വേദ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ 7 അധിക തസ്തികകള്‍ സൃഷ്ടിക്കും.
 
എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ 2 സൂപ്പര്‍ ന്യൂമറി തസ്തിക വ്യവസ്ഥകളോടെ സൃഷ്ടിക്കും.
 
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തിക പുനഃസ്ഥാപിക്കും. 
 
സായുധ പോലീസ് ബറ്റാലിയനില്‍ റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് 413 താല്‍ക്കാലിക പരിശീലന തസ്തികകള്‍ക്കും 200 ക്യാമ്പ് ഫോളോവര്‍ തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കി. 04.03.2024 മുതല്‍ 2026 മെയ് 31 വരെയാണ് തുടര്‍ച്ചാനുമതി.
 
കൊല്ലം വെടിക്കുന്ന് ഭാഗത്ത് തീരസംരക്ഷണത്തിനായുള്ള പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി. 9.8 കോടി രൂപയുടെ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീധനത്തില്‍ ഒരു പവന്റെ കുറവ്; ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ജീവനൊടുക്കി