സ്ത്രീധനത്തില്‍ ഒരു പവന്റെ കുറവ്; ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ജീവനൊടുക്കി
ചെന്നൈയിലെ പൊന്നേരിയില്‍ ലോകേശ്വരി എന്ന 22 കാരിയാണ് ആത്മഹത്യ ചെയ്തത്.
സ്ത്രീധനത്തില്‍ ഒരു പവന്റെ കുറവായതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പൊന്നേരിയില്‍ ലോകേശ്വരി എന്ന 22 കാരിയാണ് ആത്മഹത്യ ചെയ്തത്.
വിവാഹത്തിന് ശേഷം മൂന്നാം ദിവസം ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയില്‍ വച്ച് ജീവനൊടുക്കുകയായിരുന്നു. അഞ്ച് പവന്‍ സ്വര്‍ണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നല്‍കാന്‍ രക്ഷിതാക്കള്‍ സമ്മതിച്ചത്. എന്നാല്‍ നാലു പവനും ബൈക്കും നല്‍കിയ ലോകേശ്വരിയുടെ മാതാപിതാക്കള്‍ ഒരു പവന്‍ നല്‍കുന്നതിന് സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവിന്റെ മാതാവും സഹോദരന്റെ ഭാര്യയും ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു.
ലോകേശ്വരിയുടെ ഭര്‍ത്താവിന്റെ സഹോദരന് 12 പവന്‍ സ്വര്‍ണം സ്ത്രീധനമായി ലഭിച്ച രീതിയില്‍ സ്വര്‍ണ്ണം വേണമെന്നാണ് യുവതിയോട് ഭര്‍ത്താവിന്റെ കുടുംബം ആവശ്യപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞമാസം 27നായിരുന്നു വിവാഹം.