ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുളളതെന്ന് ഹൈക്കോടതി; പ്രതികളെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍
ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നതിന് തെളിവുണ്ടോയെന്ന് ഹൈക്കോടതി
ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് തെളിവുണ്ടോയെന്ന് ഹൈക്കോടതി. വൈസ് പ്രിന്‍സിപ്പള്‍ എന്‍ ശക്തിവേല്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. പ്രതികള്‍ക്കെതിരായ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കണമെങ്കില്‍ ശക്തമായ തെളിവ് ആവശ്യമാണെന്നും കോടതി പറഞ്ഞു. അതേസമയം പ്രിന്‍സിപ്പലും ജിഷ്ണുവിന്റെ സഹപാഠികളും നല്‍കിയ മൊഴികളില്‍ നിന്ന് ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്ന കാര്യം വ്യക്തമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികളെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ഈ കേസിലെ ഒന്നാം പ്രതിയായ നെഹ്റുഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനും രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇരുവരെയും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നുമാസം മുമ്പാണ് കോപ്പിയടിച്ചുവെന്നാരോപിച്ച് നെഹ്റു കോളേജധികൃതര്‍ പീഡിപ്പിച്ചതില്‍ മനം നൊന്ത് എന്‍ഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്തത്.