നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും
വട്ടിയൂര്‍ക്കാവ് മണ്ഡലം തനിക്ക് സുപരിചിതമാണെന്നും വീണ്ടും മത്സരിക്കുമെന്നുമാണ് മുരളീധരന്റെ നിലപാട്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന മുന്‍ നിലപാട് മാറ്റി കെ.മുരളീധരന്‍. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ മത്സരിക്കും. മുന്‍പ് എംഎല്‍എയായിരുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മുരളീധരന്‍ വീണ്ടും മത്സരിക്കുക.
വട്ടിയൂര്‍ക്കാവ് മണ്ഡലം തനിക്ക് സുപരിചിതമാണെന്നും വീണ്ടും മത്സരിക്കുമെന്നുമാണ് മുരളീധരന്റെ നിലപാട്. വട്ടിയൂര്‍ക്കാവ് സീറ്റ് മുരളീധരനു നല്‍കാന്‍ കോണ്‍ഗ്രസിലും ധാരണയായി. വട്ടിയൂര്‍ക്കാവ് കേന്ദ്രീകരിച്ചു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
2011 ലും 2016 ലും വട്ടിയൂര്‍ക്കാവ് ജയിച്ചത് മുരളീധരന്‍ ആണ്. പിന്നീട് 2019 ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചു. മുരളീധരന്‍ പോയതോടെയാണ് വട്ടിയൂര്‍ക്കാവ് സീറ്റ് കോണ്‍ഗ്രസിനും നഷ്ടമായത്. മുരളീധരന്‍ തിരിച്ചെത്തിയാല്‍ വട്ടിയൂര്‍ക്കാവ് പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു.