എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വഴിയൊരുക്കുന്ന സ്വപ്നപദ്ധതിയായ കെ. ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. കെ ഫോണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് നാലുമണിക്കു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും കെ ഫോണ്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. കോട്ടയം ജില്ലയില്‍ 1900 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 1176 സ്ഥാപനങ്ങളില്‍ കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചു കഴിഞ്ഞു. മറ്റിടങ്ങളില്‍ കണക്ഷന്‍ പൂര്‍ത്തീകരണം അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കാനായി ജില്ലയില്‍ നിയോജകമണ്ഡലടിസ്ഥാനത്തില്‍ 943 ബി.പി.എല്‍. വീടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 183 വീട്ടില്‍ ഇതുവരെ കണക്ഷന്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് ജൂണ്‍ 30നകം കെ ഫോണ്‍ കണക്ഷന്‍ ലഭിക്കും.