പ്രവചനങ്ങള്‍ തെറ്റിച്ച് സംസ്ഥാനത്ത് കാലവര്‍ഷം വൈകുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ഇന്ന് ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസത്തിനകം അത് ന്യൂനമര്‍ദ്ദമായേക്കും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് നേരത്തെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. പസഫിക് കടലിലെയും അറബിക്കടലിലെയും ചൂഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.