മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന ആരോപണങ്ങളെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അവ്യക്തമായ ആരോപണങ്ങളാണ് പിണറായി വിജയന്‍ തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നട്ടെല്ല് ഉണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കണമെന്ന് സുധാകരന്‍ വെല്ലുവിളിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണം കള്ളമാണ്. ഞാനുമായി അടുത്ത ബന്ധമുള്ള ഒരു നേതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് പിണറായി പറയുന്നത്. എങ്കില്‍ ആ നേതാവിന് പേരില്ലേയെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുന്ന വിവരം അറിഞ്ഞെങ്കില്‍ പൊലീസില്‍ അല്ലേ അറിയിക്കുക. സ്വന്തം ഭാര്യയോട് പോലും പിണറായി ഇക്കാര്യം പറഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മക്കള്‍ക്ക് എന്തെങ്കിലും ആപത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണുമ്പോള്‍ അമ്മയെ അറിയിക്കുകയല്ലേ ആദ്യം ചെയ്യുകയെന്നും സുധാകരന്‍ ചോദിച്ചു.
കണ്ണൂര്‍ പോര് കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കണ്ണൂരില്‍ നിന്നുള്ള പ്രബല നേതാവായ കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് വന്‍ വാദപ്രതിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോളേജില്‍വച്ച് താന്‍ പിണറായിയെ ശാരീരികമായി ആക്രമിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മറുപടി പറഞ്ഞിരുന്നു.
തന്നെ ആക്രമിച്ചു എന്നത് സുധാകരന്റെ സ്വപ്‌നം ആയിരിക്കുമെന്ന് പിണറായി പറഞ്ഞു. മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പിണറായി സുധാകരനെ കടന്നാക്രമിച്ചത്. അലഞ്ഞുനടന്നുവന്ന റാസ്‌കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ പലരെയും കൊന്ന് പണമുണ്ടാക്കി എന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ടെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. 20 മിനിറ്റ് സമയമെടുത്താണ് സുധാകരന് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി കൊടുത്തത്.
തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി ഗുരുതര ആരോപണം പിണറായി വിജയന്‍ ഉന്നയിച്ചു. സുധാകരന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പിണറായി പറഞ്ഞു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ട കാര്യം തന്നോട് പറഞ്ഞ നേതാവ് ആരാണെന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു.
കോളേജില്‍വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമാണ്. കെ.സുധാകരനെ വിദ്യാര്‍ഥികള്‍ കോളജില്‍ അര്‍ധനഗ്‌നനാക്കി നടത്തിയിട്ടുണ്ട്. സുധാകരന് മോഹങ്ങള്‍ പലതുണ്ടാകും, വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാവില്ല. എങ്ങനെയാണ് സുധാകരന് ഇങ്ങനെ പൊങ്ങച്ചം പറയാന്‍ സാധിക്കുന്നതെന്നും പിണറായി പരിഹാസ രൂപേണ ചോദിച്ചു.
അതേസമയം, സുധാകരന്റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അക്രമ സംഭവങ്ങളെ പര്‍വതീകരിച്ച് കാണിക്കല്‍ ജനങ്ങള്‍ക്കിടയില്‍ ദോഷം ചെയ്യും. പ്രതികരണങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.