മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് തോല്‍വി. ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിച്ചത്. എന്നാല്‍, രണ്ടിടത്തും സുരേന്ദ്രന് ജയിക്കാന്‍ സാധിച്ചില്ല. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ രണ്ടാമത് ആയപ്പോള്‍ കോന്നിയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മഞ്ചേശ്വരത്ത് മാത്രമാണ് എതിരാളികള്‍ക്ക് അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ സുരേന്ദ്രന് സാധിച്ചത്. 2016 ല്‍ 63 വോട്ടുകള്‍ക്കാണ് കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് രണ്ടാമതായത്. എന്നാല്‍, ഇത്തവണ അത്രത്തോളം പോലും അടുത്തെത്താന്‍ സാധിച്ചില്ല.
മഞ്ചേശ്വരത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്ക് രണ്ടാം സ്ഥാനത്തുള്ള സുരേന്ദ്രനേക്കാള്‍ ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജെനീഷ് കുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ സുരേന്ദ്രന്‍ മൂന്നാമതായി. ശബരിമല വിഷയം അടക്കം പ്രചാരണ ആയുധമാക്കിയാണ് കോന്നിയില്‍ സുരേന്ദ്രന്‍ കളം നിറഞ്ഞത്. പക്ഷേ, വോട്ടര്‍മാരില്‍ നിന്ന് തിരിച്ചടി നേരിടേണ്ടിവന്നു.
വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ആയതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. രണ്ട് മണ്ഡലങ്ങളില്‍ ഒന്നിച്ചു പര്യടനം നടത്താന്‍ വിപുലമായ സൗകര്യങ്ങളാണ് സുരേന്ദ്രനുവേണ്ടി പാര്‍ട്ടി ഒരുക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ സൗകര്യമടക്കം ബിജെപി ഒരുക്കിയിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും ബിജെപിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരു മണ്ഡലത്തില്‍ പോലും സുരേന്ദ്രന്‍ ജയിക്കാതിരുത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാകും. മാത്രമല്ല സംസ്ഥാനത്ത് ഒരിടത്ത് പോലും ബിജെപിക്ക് ജയിക്കാന്‍ സാധിക്കാതിരുന്നത് സുരേന്ദ്രന്റെ അധ്യക്ഷ പദവിക്കും വെല്ലുവിളിയാകും.