Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്രക്കാരെ മർദ്ദിച്ച സംഭവം; കല്ലട ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി; ഗതാഗതമന്ത്രി വിശദീകരണം തേടി

ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

യാത്രക്കാരെ മർദ്ദിച്ച സംഭവം; കല്ലട ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി; ഗതാഗതമന്ത്രി വിശദീകരണം തേടി
, തിങ്കള്‍, 22 ഏപ്രില്‍ 2019 (13:09 IST)
യാത്രക്കാരെ ആക്രമിച്ച് വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ  കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിർദ്ദേശം. ഗതാഗത കമ്മീഷണറാണ് നിർദ്ദേശം നൽകിയത്. പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ആർടിഒയോട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ റിപ്പോർട്ട് തേടിയിരുന്നു. സംഭവത്തിൽ മാനേജർ ഉൾപ്പെടെ മൂന്നു ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ബസ് ഉച്ചയ്ക്കു മുൻപ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
 
 
സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. പരാതിക്കാരനുമായി താൻ നേരിട്ട് സംസാരിച്ചെന്നും ഡിജിപി പറഞ്ഞു.ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്നും ബംഗലുരുവിലേക്കു പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായി. ഇതിനു പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. മറ്റൊരു ബസില്‍ യാത്രക്കാരെ വൈറ്റില എത്തിച്ചോഴാണ് ജീവനക്കാര്‍ സംഘടിച്ച് ആക്രമിച്ചത്.
 
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. അക്രമത്തിന്റെ വിശദാംശങ്ങള്‍ സഹിതമായിരുന്നു ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്. യാത്രയ്ക്കിടയില്‍ മണിക്കൂറുകളോളം ബസ് പിടിച്ചിട്ടത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഗുണ്ടകള്‍ യുവാക്കളെ മര്‍ദിക്കുന്നത്.
 
 
തിരുവനന്തപുരത്ത് രാത്രി പത്തോടെ പുറപ്പെട്ട ബസ് ഹരിപ്പാട്ട് എത്തിയപ്പോഴാണ് കേടാകുന്നത്. അര്‍ധരാത്രി പെരുവഴിയിലായ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമായി. തുടര്‍ന്ന് പൊലീസും ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടര്‍ന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസ് എത്തിയപ്പോള്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യുവാക്കളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബലമായി വലിച്ചിഴച്ച് ബസിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
 
 
സംഭവം രഹസ്യമായി ഷൂട്ടുചെയ്ത ജേക്കബ് ഫിലിപ്പ് യാത്രക്കിടെ തന്നെ ഇത് ഫെയ്‌സ്ബുക്കില്‍ ഇടുകയായിരുന്നു. ബസ് വഴിയില്‍ പിടിച്ചിട്ടതിന്റെ കാരണം വ്യക്തമാക്കാതിരുന്നതോടെ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കള്‍ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിച്ചു. ഇവരെയാണ് ഗുണ്ടകള്‍ മര്‍ദിച്ചത്. യുവാക്കളെ ബസിന് പുറത്ത് കൊണ്ടുപോയ ശേഷം ബോളിവുഡ് സിനിമകളിലെപ്പോലെ ഓടിച്ചിട്ട് അടിക്കുന്നത് താന്‍ കണ്ടെന്നും ജേക്കബ് ഫിലിപ്പ് ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വേദനയോടെ ആ സത്യം മനസ്സിലായി.. മാടമ്പള്ളിയിലെ ആ മനോരോഗി ശ്രീദേവിയല്ല.. അത് നീയാണ് നകുലാ..’