സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ കല്യാൺ ജ്വല്ലേഴ്സ് നൽകിയ ഗൂഢാലോചനകേസ് പുതിയ വഴിത്തിരിവിലേക്ക്; ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ
ഒറ്റപ്പാലം സ്വദേശിയായ ഗോകുൽ പ്രസാദ് എന്നയാളെയാണ് തൃശ്ശൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ല്യാൺ ജ്വല്ലേഴ്സിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശിയായ ഗോകുൽ പ്രസാദ് എന്നയാളെയാണ് തൃശ്ശൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ രേഖകള്‍ ചമച്ച് കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ തമിഴ്‌നാട്ടില്‍ ചില ഓണ്‍ലൈന്‍ മീഡിയകളിലൂടെ അപകീർത്തി ഉണ്ടാക്കിയതിനു പിന്നിൽ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോൻ ആണെന്നാരോപിച്ച് കല്യാൺ ജ്വല്ലറി ഉടമസ്ഥർ നൽകിയ പരാതിയിന്മേലാണ് നടപടി.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പൊഡക്ഷന്‍ കരാര്‍ ജോലികള്‍ ചെയ്തിരുന്ന പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം ചില ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്ന് കല്യാൺ അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കേസില്‍ ശ്രീകുമർ മേനോനെ മൂന്ന് തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീകുമാർ മേനോന്റെ കൂട്ടാളിയെന്നാരോപിക്കപ്പെടുന്ന മുൻ തെഹൽക ജീവനക്കാരനും ഓൺലൈൻ മാധ്യമ പ്രവർത്തകനുമായ മാത്യു സാമുവലിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് കേസില്‍ ഉള്‍പ്പെട്ട ഗോകുല്‍ പ്രസാദിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഗോകുലിനെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയ്ക്ക് കൊടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.