പൊലീസ് ഉദ്യോഗസ്ഥർ മാറണം, പെരുമാറ്റത്തിൽ വിനയം വരണം; ലാത്തിയും തോക്കുമുപയോഗിച്ചല്ല ക്രമസമാധാനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി
മർദ്ദക പൊലീസ് അല്ല വേണ്ടതെന്ന് പിണറായി വിജയൻ
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ വിനയവും നിയമ നടപടികളിൽ കാർക്കശ്യവും വരണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. ഉത്തമരായ പൊലീസ് ഉദ്യോഗസ്ഥരായി ഇനി മുതൽ മാറണമെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാത്തിയും തോക്കുമുപയോഗിച്ച് ബലം പ്രയോഗിച്ചല്ല ക്രമസമാധാനപാലനം നടത്തേണ്ടതെന്നും പിണറായി പറഞ്ഞു. മർദക പൊലീസ് അല്ല വേണ്ടത്. ജനങ്ങളോട് വിനയമുള്ളവരായിരിക്കണം. സുരക്ഷിത അന്തരീക്ഷത്തിനായി ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യവും പൊലീസ് സംവിധാനവും ആവശ്യമാണ്. ഇതിനാൽ ജനാധിപത്യ പൊലീസ് സംവിധാനം ഏർപ്പെടുത്തും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൗരാവകാശ രേഖ പ്രദർശിപ്പിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.