Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കിടപ്പുമുറിയിലെ ലോക്കര്‍ നോക്കിയുള്ള പോക്ക് കുടുക്കി'; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയില്‍

സുഹൃത്തുക്കളുടെ ഉള്‍പ്പെടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയായ ലിജീഷിലേക്ക് എത്തുന്നത്

'കിടപ്പുമുറിയിലെ ലോക്കര്‍ നോക്കിയുള്ള പോക്ക് കുടുക്കി'; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയില്‍

രേണുക വേണു

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (08:57 IST)
കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന കേസില്‍ അയല്‍വാസി പിടിയില്‍. കഴിഞ്ഞ മാസം 20 നായിരുന്നു അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്. മോഷണം നടത്തിയത് കുടുംബവുമായി പരിചയമുള്ള ആളാണെന്ന് പൊലീസിന് നേരത്തെ സൂചനകളുണ്ടായിരുന്നു. അഷ്‌റഫിന്റെ അയല്‍വാസി ലിജീഷ് ആണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. 
 
അഷ്‌റഫും കുടുംബവും യാത്ര പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ കാര്യം കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന് പൊലീസിനു ഉറപ്പായിരുന്നു. കവര്‍ച്ച നടത്തിയ തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രൊഫഷണല്‍ സംഘമല്ലെന്നു പൊലീസ് നിഗമനത്തില്‍ എത്തിയിരുന്നു. മോഷണം നടന്ന് പത്ത് ദിവസത്തിനു ശേഷമാണ് പ്രതി പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. 
 
സുഹൃത്തുക്കളുടെ ഉള്‍പ്പെടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയായ ലിജീഷിലേക്ക് എത്തുന്നത്. ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്‌റഫിന്റെ വീട്ടില്‍ എത്തിയിരുന്നു. കവര്‍ച്ച നടത്തിയത് താന്‍ തന്നെയാണെന്ന് ലിജീഷ് പൊലീസിനു സമ്മതിച്ചു. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ പണവും സ്വര്‍ണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 
 
ജനലിന്റെ ഗ്രില്‍ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണ് കള്ളന്‍ കവര്‍ന്നത്. വീട്ടില്‍ കയറിയ ശേഷം നേരെ കിടപ്പുമുറിയിലെ ലോക്കര്‍ തപ്പിയാണ് കള്ളന്‍ പോയത്. ഇതില്‍ നിന്നാണ് പ്രതി കുടുംബവുമായി വളരെ അടുത്ത ആളാണെന്ന് പൊലീസ് മനസിലാക്കിയത്. കഴിഞ്ഞ മാസം 19 ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്‌റഫും കുടുംബവും 24 നു തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: മൂടിക്കെട്ടി അന്തരീക്ഷം; സംസ്ഥാനത്ത് മഴ, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്