കാസർകോട് : മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയുടെ ഫോൺ നമ്പർ കണ്ടെത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറായ മോഹനൻ ആണ് രാജഗിരി പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിനടുത്തുള്ള പെൺകുട്ടിയുടെ ഫോൺ നമ്പർ സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാൾ.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആശുപത്രിയിലെ സ്ഥിരം ജീവനക്കാരുടെ ഫോൺ നമ്പർ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാൾ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ എത്തിയത്. അതനുസരിച്ചു അവിടെയുണ്ടായിരുന്ന ഒരാൾ കുറച്ചു നമ്പറുകൾ നൽകുകയും ചെയ്തു. ഈ സമയം ഇയാൾ മദ്യ ലഹരിയിലായിരുന്നു. തിരിച്ചിറങ്ങുന്നതിനിടെ ഇയാൾ ലാബിൽ ചെന്ന് പെൺകുട്ടിയുടെ നമ്പറും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇത് ജീവനക്കാർക്ക് സംശയത്തിനിടയാക്കി. ഉടൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് മോഹനൻ ആശുപത്രി ഉപകരണങ്ങളും മറ്റും നശിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടിച്ചുവച്ചു പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.