കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്റെ ഹര്‍ജി കോടതി തള്ളി, പ്രതികള്‍ക്ക് യുഎപിഎ നിലനില്‍ക്കും
ജയരാജന് തിരിച്ചടിയായി ഹൈക്കോടതി വിധി
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ക്കുമെതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള യുഎപിഎ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നത്.
യുഎപിഎ സാധുത കീഴ്‌ക്കോടതിയില്‍ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചു. എല്ലാവര്‍ക്കും ചുമത്തപ്പെട്ട യുഎപിഎ നിലനില്‍ക്കുമെന്ന് ഹര്‍ജി തള്ളിയ കോടതി അറിയിച്ചു. കേസ് ഇനി എറണാകുളം സിബിഐ കോടതിയായിരിക്കും പരിഗണിക്കുക.
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുവാന്‍ ശ്രമിക്കുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പൊതുജനത്തിനുനേരെ ബോംബെറിയുന്നവര്‍ വെറുതെ നടക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.