Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി ഒഴികെ എല്ലാവരും അവള്‍ക്കൊപ്പമാണ്, ആ കുരുന്നിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുത്: കെ ടി ജലീല്‍

ഇന്ത്യ അവള്‍ക്കായി ഒന്നുചേര്‍ന്നു

ബിജെപി ഒഴികെ എല്ലാവരും അവള്‍ക്കൊപ്പമാണ്, ആ കുരുന്നിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുത്: കെ ടി ജലീല്‍
, ചൊവ്വ, 17 ഏപ്രില്‍ 2018 (08:30 IST)
കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത് ഇന്നലെ നടത്തിയ ഹര്‍ത്താലിനെ വിമര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍ രംഗത്ത്. ആ പൈതലിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുതെന്ന ശീര്‍ഷകത്തോടെയാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ നിലപാട് വ്യക്തമാക്കിയത്.
 
പാര്‍ട്ടിയും കൊടിയുമില്ലാത്തവര്‍ എന്ന പേരിട്ട് ഇന്ന് നടന്നുവെന്ന് പറയപ്പെടുന്ന ഹര്‍ത്താല്‍ ഈ വിഷയത്തില്‍ രൂപപ്പെട്ടുവന്ന ജനകീയ ഐക്യവും യോജിപ്പും തകര്‍ക്കാനേ ഉപകരിക്കുകയുള്ളു. ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രി കൊണ്ട് രൂപപ്പെട്ട ഹര്‍ത്താല്‍ ജനങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ട് വിവരണാതീതമാണെന്നും അദ്ദേഹം കുറിച്ചു.
 
ജമ്മു താഴ് വരയിലെ ഒരു നാടോടി പെണ്‍കൊടിയുടെ അറിയപ്പെടാത്ത കൊലപാതകമായി, കത്വുവയിലെ പൈശാചികത കാലയവനികക്കുള്ളില്‍ മറക്കപ്പെടുമെന്ന് കരുതിയവരുടെ മനക്കോട്ടകള്‍ തകര്‍ത്ത് ഇന്ത്യയുടെ ആത്മാവ് ആ മഹാപാതകത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് എതിര്‍ത്തപ്പോള്‍ ഒരു ജനതക്കുണ്ടായ ആത്മവിശ്വാസത്തിന്റെ വീണ്ടെടുപ്പ് അക്ഷരങ്ങള്‍കൊണ്ട് എഴുതാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമാണ് .
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ആ പൈതലിനെ ഹര്‍ത്താല്‍ നടത്തി ഇനിയും വേദനിപ്പിക്കരുത് .
 
ആസിഫയെന്ന എട്ടുവയസ്സുകാരിയുടെ ദീനരോദനം അടങ്ങാത്ത അലറലായി രാജ്യത്തിനകത്തും പുറത്തും പ്രകമ്പനം കൊള്ളുന്നത് കടുത്ത മനോവേദനക്കിടയിലും തെല്ലാരാശ്വാസം പകരുന്നുണ്ട് . ബാല്യത്തിന്റെ നിഷ്‌കളങ്കത മുഴുവന്‍ മുറ്റി നില്‍ക്കുന്ന ആ പൈതലിന്റെ കണ്ണും മുഖവും ഓരോരുത്തരുടേയും മനസ്സില്‍ അവരവരുടെ പെണ്‍മക്കളുടെ രൂപമായി നെഞ്ചില്‍ ഒരുപാട് കാലം വിങ്ങി നില്‍ക്കുമെന്നുറപ്പ് .
 
ജമ്മു താഴ് വരയിലെ ഒരു നാടോടി പെണ്‍കൊടിയുടെ അറിയപ്പെടാത്ത കൊലപാതകമായി, കത്വുവയിലെ പൈശാചികത കാലയവനികക്കുള്ളില്‍ മറക്കപ്പെടുമെന്ന് കരുതിയവരുടെ മനക്കോട്ടകള്‍ തകര്‍ത്ത് ഇന്ത്യയുടെ ആത്മാവ് ആ മഹാപാതകത്തെ സര്‍വ്വശക്തിയും ഉപയോഗിച്ച് എതിര്‍ത്തപ്പോള്‍ ഒരു ജനതക്കുണ്ടായ ആത്മവിശ്വാസത്തിന്റെ വീണ്ടെടുപ്പ് അക്ഷരങ്ങള്‍കൊണ്ട് എഴുതാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമാണ് .
 
രാജ്യത്തെ BJP ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും , പച്ചക്ക് RSS അനുകൂല നിലപാട് സ്വീകരിക്കുന്നവ ഒഴികെയുള്ള എല്ലാ വാര്‍ത്താ മാധ്യമങ്ങളും , കലാ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാവരും , മഹാഭൂരിപക്ഷം സന്യാസിമാരും ആദ്ധ്യാത്മിക സേവകരും മത- ജാതി വ്യത്യാസമില്ലാതെ ആസിഫയെന്നെ പൊന്നോമനയെ കടിച്ച്കീറി കശക്കിയെറിഞ്ഞ നരാധമന്‍മാര്‍ക്കെതിരെ അമര്‍ഷത്തിന്റെയും വേദനയുടെയും പ്രതിഷേധത്തിന്റെയും, ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചത് കണ്ടവരിലും കേട്ടവരിലും ഉണ്ടാക്കിയ ആശ്വാസത്തിന് ഈ പ്രപഞ്ചത്തോളം വലിപ്പമുണ്ട് .
 
മോഡിക്കും RSS നും എതിരെയുള്ള കൂട്ടായ്മയുടെ ചാലക ശക്തിയായി ‘ആസിഫ’ എന്ന മൂന്നക്ഷരം മാറിക്കഴിഞ്ഞിരിക്കുന്നു .
 
ഭാരതത്തിലെ ഒരു ന്യൂനാല്‍ ന്യൂനപക്ഷമൊഴിയെയുള്ള എല്ലാവരും പ്രത്യേകിച്ച് ഹൈന്ദവ സമൂഹം മുഴുവനായി തന്നെ ഈ ദാരുണ സംഭവത്തില്‍ പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യത്തിന് പകരം വെക്കാന്‍ മറ്റൊന്നും പര്യാപ്തമാകില്ല . അമ്പരപ്പിക്കുന്ന ഈ ഐക്യനിരയില്‍ പിളര്‍പ്പുണ്ടാക്കുന്ന നോക്കോ വാക്കോ പ്രവൃത്തിയോ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാതെ നോക്കണം .
 
പാര്‍ട്ടിയും കൊടിയുമില്ലാത്തവര്‍ എന്ന പേരിട്ട് ഇന്ന് നടന്നുവെന്ന് പറയപ്പെടുന്ന ഹര്‍ത്താല്‍ ഇവ്വിഷയത്തില്‍ രൂപപ്പെട്ടുവന്ന ജനകീയ ഐക്യവും യോജിപ്പും തകര്‍ക്കാനേ ഉപകരിക്കുകയുള്ളു . ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രി കൊണ്ട് രൂപപ്പെട്ട ഹര്‍ത്താല്‍ ജനങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ് . ഹൃദയശൂന്യരായ ഫാസിസ്റ്റുകളും ആഗ്രഹിക്കുന്നത് ഹിന്ദു – മുസ്ലിം മൈത്രി തകരണമെന്നാണ് . അതിനു ചൂട്ടുപിടിക്കുന്ന ഏര്‍പ്പാട് തീര്‍ത്തും അപലപനീയമാണ് . ആളും നാഥനുമില്ലാത്ത ബന്ദാഹ്വാനം ചെറുപ്പക്കാരെ തെരുവിലിറക്കി കുഴപ്പങ്ങള്‍ക്ക് തീകൊളുത്താന്‍ ലക്ഷ്യം വെച്ചുള്ളതാണ് . സാമൂഹ്യ പ്രതിബദ്ധതയുള്ള മുസ്ലിം സംഘടനകളും നേതാക്കളും മൗനം വെടിഞ്ഞ് ഇത്തരം ആള്‍കൂട്ട പ്രഖ്യാപനങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാകണം . 1992 ല്‍ ബാബരീ മസ്ജിദിന്റെ തകര്‍ച്ച സൃഷ്ടിച്ച ധൂളിപടലങ്ങളില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്നുണ്ടായ വിവേകത്തിന്റെ ശബ്ദം അദ്ദേഹത്തിന്റെ അനുജ സഹോദരനില്‍ നിന്നുണ്ടാകാന്‍ ഒട്ടും സമയം വൈകിക്കൂട .
 
ചങ്ങനാശ്ശേരിയിലെ ഒരു ക്ഷേത്രമതിലില്‍ ഇരുട്ടിന്റെ മറവില്‍ എഴുതിപ്പിടിപ്പിച്ചത് ആരെന്നറിയില്ല . അത് മായ്ച്ച് മതില്‍ പെയിന്റടിച്ച് പൂര്‍വ്വസ്ഥിതിയിലാക്കി കൊടുക്കാന്‍ ആ പ്രദേശത്തെ വിവേകികളായ ഹൈന്ദവ – മുസ്ലിം വിഭാഗങ്ങളിലെ നല്ല മനുഷ്യര്‍ തയ്യാറാകണം . അതിന് ആര്‍ക്കും മനസ്സ് വരുന്നില്ലെങ്കില്‍ ഈയുള്ളവന്‍ തന്നെ വരാം ആ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ . വര്‍ഗ്ഗീയവാദികള്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് ചുറ്റുവട്ടത്തെല്ലാം കാണാനാകുന്നത് . മുസ്ലിം സാന്ദ്രീകൃത പ്രദേശങ്ങുളുള്‍കൊള്ളുന്ന മലബാറിലെവിടെയും ഇങ്ങിനെയൊരു സംഭവം ഉണ്ടായില്ലെന്നതും ചങ്ങനാശ്ശേരിയിലെ ഒരു അമ്പല മതിലില്‍ ഇത്തരമൊരു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടുവെന്നതും ദുരൂഹമാണ് . ചില ചിദ്രശക്തികള്‍ ആളുകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമമായിട്ടേ ഇതിനെ കാണാനാകു . ജാഗ്രതയോടെ കണ്ണും കാതും കൂര്‍പ്പിച്ച് ഉണര്‍ന്നിരുന്ന് മാനവരാശിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്താന്‍ നമുക്കാകുന്നത് ചെയ്യാനുള്ള സമയമാണിത് . വൈകുന്ന ഓരോ നിമിഷത്തിനും കൊടുക്കേണ്ടി വരുന്ന വില അചിന്തനീയമാകും . ആസിഫയെന്ന കൊച്ചു മിടുക്കി ഇന്‍ഡ്യയുടെ മനസ്സിനെ ഒന്നിപ്പിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തട്ടെ . താന്‍ ഭാരതത്തിന്റെ മനസ്സിനെ ശിഥിലമാക്കിയെന്ന് ആ കുഞ്ഞുമകള്‍ അറിഞ്ഞാല്‍ വീണ്ടുമൊരിക്കല്‍ കൂടി അവളുടെ മനസ്സ് വേദന കൊണ്ട് പുളയും.. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാരിനു മുന്നില്‍ മുട്ടിടിച്ച് ഡോക്ടര്‍മാര്‍; സമരം പിന്‍വലിച്ചു, സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പ് എഴുതി നല്‍കണമെന്ന് മന്ത്രി