കേരളത്തിലെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിനായി അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ല്‍ ലഭ്യമായ 'KEAM 2026 Online Application' ലിങ്ക് മുഖേന ജനുവരി 31 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, ദേശീയത (Nationality) എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ, ഒപ്പ് എന്നിവ ജനുവരി 31-നകം അപ്ലോഡ് ചെയ്യണം. മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഫെബ്രുവരി 7 വൈകിട്ട് 5 മണിവരെ അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.
അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജ് അല്ലെങ്കില്‍ മറ്റ് രേഖകള്‍ തപാല്‍ വഴി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒന്നിലധികം കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ അനുവാദമുള്ളു.
കേരളത്തിലെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കീം അപേക്ഷ നിര്‍ബന്ധമായും നിശ്ചിത സമയത്തിനകം സമര്‍പ്പിക്കേണ്ടതോടൊപ്പം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA)നടത്തുന്ന NEET-UG 2026പരീക്ഷ എഴുതിയും യോഗ്യത നേടണം.
അതേസമയം ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ കീം അപേക്ഷയ്ക്കൊപ്പം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (COA) നടത്തുന്ന NATA പരീക്ഷയും എഴുതിയിരിക്കണം.
കൂടുതല്‍ വിശദാംശങ്ങള്‍ക്കും പ്രോസ്‌പെക്ടസിനുമായി വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഹെല്‍പ്ലൈന്‍ നമ്പര്‍: 0471 2332120