Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന്റെ സ്വന്തം കെല്‍ട്രോണ്‍; പ്രതിരോധ മേഖലയില്‍ നിന്ന് 17 കോടിയുടെ ഓര്‍ഡര്‍

സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാന്‍സ്ഡ്യൂസറുകള്‍

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്

രേണുക വേണു

, വ്യാഴം, 25 ജൂലൈ 2024 (15:08 IST)
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണിന് പ്രതിരോധ മേഖലയില്‍ നിന്ന് വീണ്ടും സുപ്രധാന ഓര്‍ഡര്‍ ലഭിച്ചു. കെല്‍ട്രോണ്‍ ഉപകമ്പനിയായ കുറ്റിപ്പുറം കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡിന് (കെ.ഇ.സി.എല്‍) 17 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്. പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ നിന്നും കെ.ഇ.സി.എല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ ആണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 
 
ഇന്ത്യന്‍ നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എ.എസ്.ഡബ്‌ള്യൂ ഷാലോ വാട്ടര്‍ ക്രാഫ്റ്റിലെ സോണാറുകള്‍ക്ക് ആവശ്യമായ നൂതന ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് മുഖേന ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ 2000 ലധികം ട്രാന്‍സ്ഡ്യൂസര്‍ എലമെന്റുകള്‍ കെ.ഇ.സി.എല്‍ നിര്‍മ്മിച്ചു നല്‍കും. 
 
സമുദ്രത്തിനടിയിലുള്ള ശബ്ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാന്‍സ്ഡ്യൂസറുകള്‍. രാജ്യത്ത് ആഭ്യന്തരമായി ട്രാന്‍സ്ഡ്യൂസറുകള്‍ നിര്‍മ്മിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ.ഇ.സി.എല്‍. ഒട്ടനവധി വര്‍ഷങ്ങളായി അണ്ടര്‍ വാട്ടര്‍ മേഖലയിലേക്ക് വിവിധതരം പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇന്ത്യന്‍ നാവികസേനയ്ക്കായി കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.
 
പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ കെല്‍ട്രോണ്‍ കൈവരിച്ച സാങ്കേതിക മികവ് വ്യക്തമാക്കുന്നതാണ്, തുടര്‍ച്ചയായി ലഭിക്കുന്ന ഓര്‍ഡറുകള്‍ എന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താല്‍ മഴ; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്