Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, റിപ്പോർട്ടിനെ പലരും ഭയക്കുന്നുവെന്ന് സംവിധായകൻ വിനയൻ

Hema Commission Report

അഭിറാം മനോഹർ

, വ്യാഴം, 25 ജൂലൈ 2024 (14:44 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സംഘടന സെക്രട്ടറിയായ ബി രാകേഷാണ് ഇക്കാര്യം പറഞ്ഞത്. ഹര്‍ജിക്കാരനായ നിര്‍മാതാവ് സജിമോന്‍ പാറയില്‍ അസോസിയേഷനില്‍ അംഗമല്ലെന്നും രാകേഷ് പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് ഡബ്ല്യുസിസി അംഗമായ രേവതി പ്രതികരിച്ചു.
 
അതേസമയം മലയാള സിനിമയിലെ ആരൊക്കെയോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഭയക്കുന്നതിന്റെ തെളിവാണ് ഹൈക്കോടതിയില്‍ നിന്നും നേടിയെടുത്ത സ്റ്റേയെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. സിനിമയില്‍ തങ്ങളുടെ ആധിപത്യം നഷ്ടമാകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും. റിപ്പോര്‍ട്ട് പുറത്താകാത്തതിന് കാരണം ചിലരുടെ ഭയമാണ്. മലയാള സിനിമയില്‍ ഈ കുറച്ചുപേരുടെ അപ്രമാദിത്യം നിലനില്‍ക്കട്ടെയെന്നാണ് സര്‍ക്കാരും കോടതിയും ചിന്തിക്കുന്നതെങ്കില്‍ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലെന്നും വിനയന്‍ വ്യക്തമാക്കി.
 
 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഹൈക്കോടതി റിപ്പോര്‍ട്ട് സ്റ്റേ ചെയ്തത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയാലും മൊഴി നല്‍കിയവരെ തിരിച്ചറിയാന്‍ ഇറ്റയാക്കുമെന്ന വാദമാണ് സജിമോന്‍ പാറയില്‍ ഉന്നയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോ വേണ്ടി വാദിക്കുകയാണെന്ന് വിവരാവകാശ കമ്മീഷന്‍ അഭിഭാഷകനായ എ അജയ് വാദിച്ചു.  മൊഴിനല്‍കിയവര്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പുറത്താകുന്നത് ഹര്‍ജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ ബാധിച്ചു. 2019ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറിയിരുന്നെങ്കിലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം നല്‍കിയ അപേക്ഷയിലാണ് സ്വകാര്യതയിലേക്ക് കടക്കുന്ന ഭാഗങ്ങള്‍ മാത്രം ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പള്ളി വികാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി