ഡിജിപിക്ക് നാണമില്ലേ? ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകള്‍ നടത്തുന്നത് അതീജീവന സമരമെന്ന് കെമാൽ പാഷ

ഡിജിപിക്ക് നാണമില്ലേ? ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകള്‍ നടത്തുന്നത് അതീജീവന സമരമെന്ന് കെമാൽ പാഷ

ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (16:46 IST)
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. സഭാവസ്ത്രവുമായി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് കേരളത്തിലെ പുരുക്ഷ സമൂഹം പിന്തുണ നല്‍കണം. 
 
'അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് ഡിജിപി പറഞ്ഞിരുന്നത്. എന്നിട്ടും ഇതുവരെ അറസ്‌റ്റ് നടന്നില്ല. ഇത്രത്തോളം വൃത്തികേടുകള്‍ സ്വന്തം ജീവിതത്തിലിതുവരെ ഒറ്റക്കേസിന്റെ അന്വേഷണത്തിലും കണ്ടിട്ടില്ല. ഡിജിപിക്ക് നാണമില്ലേ? ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്ന് സർക്കാർ ഓർക്കണം' എന്നും കെമാല്‍ പാഷ പറഞ്ഞു. 
 
'ഇത്തരം കേസുകളിൽ പ്രതിയെ അറസ്‌റ്റുചെയ്‌ത് ലൈംഗിക ശേഷി പരിശോധന നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് പോലും ഇതുവരെ ആരും തയ്യാറായിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണം. ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നവന്‍മാര്‍ക്ക് മതവും ജാതിയുമൊന്നുമില്ല. സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ല എന്നാണ് ചിലര്‍ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തു കൂടുന്നത്.
 
ഇതു സഭക്കെതിരെയുള്ള പ്രശ്‌നമല്ല. ബിഷപ്പിനെതിരെയുള്ള സമരമാണ്. എന്തുതെറ്റു ചെയ്ത ശേഷവും സിംഹാസനത്തിലിരിക്കാമെന്നുള്ള കാഴ്ചപാട് ജനങ്ങള്‍ക്ക് മുന്നില്‍ കൊടുത്താല്‍ നിയമവാഴ്ചയെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. അതിനാൽ‍, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കന്യാസ്ത്രീകള്‍ നടത്തുന്നത് അതീജീവന സമരമാണെന്നും' ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അതിക്രൂരമായ ബലാത്സംഗത്തിനിരയായ 83കാരി കൊല്ലപ്പെട്ടു; 14കാരനെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പൊലീസ്