12 ദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം. രാഷ്ട്രീയ വിഷയങ്ങള്‍ ഏറെയുണ്ടെങ്കിലും രാഹുലിനെതിരെ ഒന്നിലധികം സ്ത്രീകളുടെ പരാതികളുള്ളതിനാല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതിരോധത്തിലാണ്.
കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ രാഹുല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. ഫലത്തില്‍ രാഹുല്‍ കോണ്‍ഗ്രസിലില്ല. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത കാര്യം പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് എഴുതി നല്‍കിയിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന സമയത്തില്‍ ഇതോടെ രാഹുലിന് പ്രസംഗിക്കാനാകില്ല. രാഹുല്‍ പ്രത്യേക ബ്ലോക്കായാകും നിയമസഭയില്‍ ഇരിക്കുക. പ്രത്യേക വിഷയങ്ങളിലെ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുവദിച്ചാല്‍ ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കാം.
അതേസമയം വിഷയത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി രാഹുല്‍ സഭയില്‍ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പല നേതാക്കള്‍ക്കും യോജിപ്പില്ല. ആരോപണമുക്തനാകുന്നത് വരെ രാഹുല്‍ അവധിയെടുക്കട്ടെ എന്നതാണ് സതീശന്റെ നിലപാട്. അതേസമയം എംഎല്‍എ എന്ന രീതിയില്‍ രാഹുലിന് സഭയില്‍ പങ്കെടുക്കാന്‍ തടസമില്ലാത്തതിനാല്‍ രാഹുല്‍ സ്വയം നിലപാടെടുക്കട്ടെ എന്നതാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കളുടെ തീരുമാനം. രാഹുലിന്റെ രാഷ്ട്രീയഭാവി എന്നെന്നേക്കുമായി തല്ലിക്കെടുത്തരുതെന്ന അഭിപ്രായമാണ് എ ഗ്രൂപ്പിനുള്ളത്.