Kerala Assembly Elections: വട്ടിയൂര്‍ക്കാവില്‍ നിന്നും ആര്‍ ശ്രീലേഖ?, തീരുമാനം ദേശീയ നേതൃത്വത്തിന്റെ കയ്യില്‍, ബിജെപി സീറ്റുകളില്‍ ധാരണ
തൃശൂരില്‍ എം ടി രമേശിനാണ് സാധ്യത. എങ്കിലും അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മറ്റാരെങ്കിലും വരാനും സാധ്യതയുണ്ട്.
Publish Date: Tue, 17 Feb 2026 (10:17 IST)
Updated Date: Tue, 17 Feb 2026 (10:19 IST)
Kerala Assembly Elections : ബിജെപി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ധാരണയായെങ്കിലും പ്രഖ്യാപന കാര്യങ്ങളില്‍ തിടുക്കം വേണ്ടെന്ന നിര്‍ദേശം നല്‍കി ദേശീയ നേതൃത്വം. പ്രധാന സീറ്റുകളില്‍ ഏകദേശ ധാരണയാവുക. ദേശീയ നേതൃത്വത്തിന് കൈമാറുക. മറ്റ് സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പുകള്‍ കൂടി നടക്കുന്നതിനാല്‍ ഒന്നിച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താം എന്ന തീരുമാനത്തിലാണ് ദേശീയ നേതൃത്വം. അതേസമയം സീറ്റ് ഉറപ്പാക്കിയ സ്ഥാനാര്‍ഥികളോട് മണ്ഡലത്തില്‍ സജീവമാകാനും കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി.
നേമത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും പാലായില്‍ ഷോണ്‍ ജോര്‍ജും തിരുവല്ലയില്‍ അനൂപ് ആന്റണിയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. വട്ടിയൂര്‍ക്കാവില്‍ നിന്ന് ആര്‍ ശ്രീലേഖ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ദേശീയനേതൃത്വമാകും തീരുമാനം അറിയിക്കുക. തിരുവനന്തപുരം മണ്ഡലത്തില്‍ കരമന ജയന്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ എന്നിവരാണ് പരിഗണനയില്‍. ചെങ്ങനൂരില്‍ സന്ദീപ് വചസ്പതിയും ആറന്മുളയില്‍ കുമ്മനം രാജശേഖരനുമാണ് സാധ്യത. ശോഭാ സുരേന്ദ്രനെ കായംകുളം, പാലക്കാട് സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്.
തൃശൂരില്‍ എം ടി രമേശിനാണ് സാധ്യത. എങ്കിലും അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മറ്റാരെങ്കിലും വരാനും സാധ്യതയുണ്ട്. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സാബു ജേക്കബ് എന്നിവര്‍ മത്സരിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷമാകും തീരുമാനമുണ്ടാവുക.