Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പരാതി കേട്ട് പൊറുതിമുട്ടി'; സുരേന്ദ്രനെ മാറ്റാന്‍ കേന്ദ്ര നേതൃത്വം, അടിമുടി മാറ്റത്തിനു സാധ്യത

'പരാതി കേട്ട് പൊറുതിമുട്ടി'; സുരേന്ദ്രനെ മാറ്റാന്‍ കേന്ദ്ര നേതൃത്വം, അടിമുടി മാറ്റത്തിനു സാധ്യത
, വെള്ളി, 2 ജൂലൈ 2021 (12:09 IST)
കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുമെന്ന് ഉറപ്പായി. സംസ്ഥാന ബിജെപിയില്‍ എല്ലാവര്‍ക്കും പൊതു സ്വീകാര്യനായ ഒരാളെ പുതിയ അധ്യക്ഷനായി നിയോഗിക്കണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇതിനായി കേന്ദ്ര നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതുവരെ സുരേന്ദ്രന്‍ തല്‍സ്ഥാനത്ത് തുടരും. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
സ്വന്തം താല്‍പര്യത്തിനനുസരിച്ച് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കേന്ദ്രം സമ്മതിച്ചു, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുരേന്ദ്രന് പ്രത്യേക അധികാരം നല്‍കി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അകമഴിഞ്ഞ് സഹായിച്ചു...ഇതൊക്കെ ആയിട്ടും കേരളത്തില്‍ നല്ലൊരു മുന്നേറ്റമുണ്ടാക്കാന്‍ സുരേന്ദ്രന്റെ നേതൃശേഷികൊണ്ട് സാധിച്ചില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയും അറിയിച്ചു. സുരേന്ദ്രനെ കൊണ്ട് കേരളത്തില്‍ ഒരു ഉപകാരവും പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ലെന്നാണ് കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. 
 
സുരേന്ദ്രനെതിരായ വികാരം ശക്തമായതോടെ കേന്ദ്രവും പ്രതിരോധത്തിലായി. അതുകൊണ്ടാണ് പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറായത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. പൊതുസമ്മതനും ഗ്രൂപ്പുകള്‍ക്ക് അതീതനുമായ ഒരു നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചു. പുതിയ അധ്യക്ഷന്‍ വരുന്നതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍, അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കെ.സുരേന്ദ്രന് താല്‍പര്യക്കുറവുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പെട്രോള്‍-ഡീസല്‍ വില വര്‍ധന സര്‍ക്കാര്‍ പരാജയമാണെന്നതിനു ഉദാഹരണം'; മോദി പറഞ്ഞു, വന്‍ ബൂമറാങ്