വ്യാജ വാര്‍ത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ്. വ്യാജ വാര്‍ത്തകള്‍ തടയണം എന്ന കാര്യത്തില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രത്യേക സംവിധാനം പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത് ചിലരില്‍ തെറ്റിധാരണയുണ്ടാക്കിയിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തെ ആരും ഇവിടെ ഹനിക്കില്ല. തെറ്റുപറ്റിയാല്‍ തിരുത്തണം. അതില്‍ വിമുഖത പാടില്ല. ചില മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ തിരുത്താനോ, തെറ്റായ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാര്‍ത്ത കൊടുക്കുവാനോ തയ്യാറാവുന്നില്ല. ഒരു മാധ്യമത്തിന്റെ ഏകപക്ഷീയമായ വേട്ടയാടലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു അമ്മയ്ക്കും മകനും ജീവന്‍ നഷ്ടപ്പെട്ടത് ആരും മറന്നു കാണില്ല.
70 രൂപ ഓട്ടോക്കാശ് പിരിച്ചതിന്റെ പേരില്‍ കുട്ടനാട്ടിലെ ഓമനക്കുട്ടന്‍ നേരിടേണ്ടി വന്ന മാധ്യമ വിചാരണ നമ്മുടെ മുന്നില്‍ ഉണ്ട്. ആ വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ട് വന്നതും മാധ്യമങ്ങള്‍ തന്നെ. ഒട്ടുമിക്ക മാധ്യമങ്ങളും തുടര്‍ന്ന് ആ വാര്‍ത്ത തിരുത്തി, അദ്ദേഹത്തോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയും കൊടുത്തു. ഒരു കൂട്ടര്‍ അത് തിരുത്താന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.