മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനേയും താഹ ഫസലിനേയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമയമാകുമ്പോൾ ഇവർ ചെയ്ത കുറ്റത്തെ പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അവരെന്തോ പരിശുദ്ധന്മാരാണ് തെറ്റ് ചെയ്യാത്തവരാണ് വെറുതേ ചായ കുടിക്കാൻ പോയപ്പോളാണ് അറസ്റ്റ് ചെയ്തത് എന്ന ധാരണ വേണ്ട .യുഎപിഎ ചുമത്തിയത് എന്തോ മഹാ അപരാധമായി പോയി എന്ന് പറയണമെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ പറയാൻ തയ്യാറല്ലെന്നും യുഎപിഎയിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അലനെയും താഹയേയും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനം ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി അലൻ ഷുഹൈബിന്റെ അമ്മ സബിത മഠത്തിലും രംഗത്തെത്തിയിരുന്നു.