മുന്‍കാല സര്‍വേ രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍. ഇതിനായി സര്‍വേ ഡയറക്ടറേറ്റില്‍ കിയോസ്‌ക് സംവിധാനവും ഹെല്‍പ് ഡെസ്‌കും ഒരുക്കി. ഫയല്‍ നടപടികളില്ലാതെ,ഫീസ് അടച്ച് ആര്‍ക്കും സ്വയം രേഖകള്‍ പ്രിന്റ് ചെയ്തെടുക്കാം എന്നതാണ് ഇതിന്റെ സൗകര്യം. ഡിജിറ്റല്‍ സര്‍വേ രേഖകളും ഇവിടെ നിന്ന് ലഭിക്കും.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് കിയോസ്‌ക് സംവിധാനത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചത്.എംഎല്‍എ ആന്റണി രാജു അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അനുകുമാരി,മേയര്‍ ആര്യാ രാജേന്ദ്രന്‍,റവന്യു വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം,ലാന്‍ഡ് റവന്യു വകുപ്പ് കമ്മിഷണര്‍ കെ ജീവന്‍ ബാബു,രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മീര കെ,സര്‍വെ ഭൂരേഖ വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു,അഡീഷണല്‍ ഡയറക്ടര്‍ സതീഷ്‌കുമാര്‍ പി എസ്,വാര്‍ഡ് കൗണ്‍സലര്‍ രാഖി രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എന്റെ ഭൂമി സര്‍വേയുടെ ഭാഗമായാണ് പഴയ സര്‍വേ രേഖകള്‍ ഡിജിറ്റലൈസ് ചെയ്തത്. നിലവില്‍ 530 വില്ലേജുകളിലെ രേഖകള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. എന്റെ ഭൂമി പോര്‍ട്ടല്‍ വഴി രേഖകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം. പോര്‍ട്ടലില്‍ ലഭ്യമാവാത്ത രേഖകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷിക്കാനും സൗകര്യമുണ്ട്. ഡയറക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് കിയോസ്‌ക് സംവിധാനം ഉപയോഗിച്ചും രേഖകള്‍ നേടാം.